പുതുപ്പള്ളിയില്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ മമ്മൂട്ടി മത്സരിക്കുമോ?

മമ്മൂട്ടി പുതുപ്പള്ളിയില്‍ പോരാടാനെത്തുമോ?

Oommenchandy, Sudheeran, Mammootty, Dileep, Dhoni, ഉമ്മന്‍‌ചാണ്ടി, സുധീരന്‍, മമ്മൂട്ടി, ദിലീപ്, ക്രിക്കറ്റ്, ധോണി
കാണി| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (11:49 IST)
തമിഴകരാഷ്ട്രീയത്തെ പണ്ട് കളിയാക്കിയിരുന്നു മലയാളികള്‍. സിനിമാക്കാര്‍ മത്സരിച്ചാല്‍ അവിടെ കണ്ണുംപൂട്ടി ജയിക്കുന്നതുതന്നെ കാരണം. കേരളത്തില്‍ സിനിമാരംഗത്തുനിന്ന് ആരെങ്കിലും സ്ഥാനാര്‍ത്ഥികളായാല്‍ അവര്‍ പച്ച തൊടില്ലെന്നായിരുന്നു അടുത്തകാലം വരെ വിശ്വാസം. പ്രേംനസീര്‍ മുതല്‍ മുരളി വരെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കയ്പുനീര്‍ കുടിച്ചവരാണ്. എന്നാല്‍ കെ ബി ഗണേഷ്കുമാര്‍ എം എല്‍ എയും പിന്നീട് മന്ത്രിയുമൊക്കെയായതോടെ പതിറ്റാണ്ടുകളായി ഉറച്ച വിശ്വാസം മാറി.

പിന്നീട് ഇന്നസെന്‍റിനെ പാര്‍ലമെന്‍റിലേക്ക് ജയിപ്പിച്ച് ഇടതുപക്ഷം പുതിയ തന്ത്രത്തിന് വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പല മണ്ഡലങ്ങളിലും സിനിമാപ്രവര്‍ത്തകര്‍ തന്നെ താരങ്ങള്‍. പത്തനാപുരത്ത് ഗണേഷിനെ നേരിടാന്‍ ജഗദീഷിനെ ഇറക്കുമ്പോള്‍ സിദ്ദിക്കാണ് അരൂരില്‍ യു ഡി എഫ് പരീക്ഷിക്കുന്ന മറ്റൊരു സിനിമാതാരം. കൊല്ലം തുളസി ബി ജെ പി സ്ഥാനാര്‍ത്ഥിയായി എത്തുമെന്നറിയുന്നു.

വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചതോടെ സിനിമാപ്രവര്‍ത്തകരുടെയും ആത്മവിശ്വാസം കൂടി. തിരുവനന്തപുരത്ത് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രാജസേനനും എത്തുമെന്ന് സൂചനയുണ്ട്.

ഈ പരീക്ഷണം യു ഡി എഫിലെ വമ്പന്‍‌മാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സി പി എം നടത്തുമോ എന്നാണ് വോട്ടര്‍‌മാര്‍ ഉറ്റുനോക്കുന്നത്. ഒരിക്കലും അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ഏവരും ഉറച്ചുവിശ്വസിക്കുന്ന ഉമ്മന്‍‌ചാണ്ടിയുടെ പുതുപ്പള്ളിയില്‍ സി പി എം ഇതുപോലെ ഒരു പരീക്ഷണത്തിന് തയ്യാറാകുമോ? പുതുപ്പള്ളിയില്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ സിനിമയില്‍ നിന്ന് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ഒന്നാന്തരം പോരാട്ടം നടത്താമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

പുതുപ്പള്ളി മണ്ഡലത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സി പി എം സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്തായിരിക്കും ഫലം? യു ഡി എഫ് കോട്ടകളില്‍ അങ്കലാപ്പുണ്ടാകുമെന്ന് തീര്‍ച്ച. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് നടത്താവുന്ന ഏറ്റവും മികച്ച പരീക്ഷണം. എന്തായാലും ഈ സമയം വരെ സി പി എം ഇങ്ങനെ ഒരു സാധ്യത ആലോചിച്ചിട്ടില്ല. അവിടെ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടി ജില്ലാഘടകത്തിലെ പ്രമുഖര്‍ പോലും മടിക്കുന്നതായാണ് വിവരം.

പുതുപ്പള്ളിയില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ബി ജെ പി തീരുമാനമെടുത്തിട്ടുണ്ട്. ജോര്‍ജ്ജ് കുര്യന്‍ ആയിരിക്കും പുതുപ്പള്ളിയില്‍ ബി ജെ പിയുടെ പോരാളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :