ദുബായ്|
jibin|
Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (19:30 IST)
വിലക്ക് തുടരാനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ വേണ്ടിവന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കാന്‍
തയ്യാറാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും വിലക്ക് തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാനും ഒരുക്കമാണ്. ആജീവനാന്ത വിലക്കിനെതിരെ നിയമ പോരാട്ടം തുടരാൻ തന്നെയാണ് തന്റെ തീരുമാനമെന്നും മലയാളി താരം പറഞ്ഞു.
ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് ലക്ഷ്യം. ബിസിസിഐയുടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടാനാണ് തീരുമാനം. തന്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യാതൊരു തെളിവുമില്ലാതിരുന്നിട്ടും കളിക്കളത്തിന് പുറത്താക്കുന്നതിന് പിന്നിൽ ബിസിസിഐയുടെ ഗൂഢാലോചനയാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
കുറ്റക്കാരാണെന്ന് വ്യക്തമായ തെളിവുകൾ ഉള്ള ടീമുകളെ ലളിതമായ ശിക്ഷ നൽകി കളിക്കാൻ അനുവദിക്കുന്നു. മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്തരായ ആളുകളെത്തില്ല. എന്നാൽ ക്രിക്കറ്റ് പ്രേമികളും മലയാളി സമൂഹവും തനിക്കൊപ്പമുണ്ട്. അവരെ നിരാശപ്പെടുത്താതിരിക്കാൻ പോരാട്ടം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന ബിസിസിഐ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതോടെ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.