ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരണം 300 കടന്നു, തിരിച്ചടിച്ച് ഇസ്രായേലും

അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2023 (09:28 IST)
ഹമാസ് സേന ഇസ്രായേലില്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും ഇരച്ചുകയറി ആക്രമണം നടത്തിയതില്‍ തിരിച്ചടിച്ച് ഇസ്രായേല്‍. ഹമാസിന്റെ നീക്കം മനസ്സിലാക്കുന്നതില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പിഴവ് സംഭവിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ച കമ്പികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുനു. എന്നാല്‍ ബുള്‍ഡോസര്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് വേലികള്‍ നിഷ്പ്രയാസം തകര്‍ത്തുകൊണ്ടാണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്.

ഹമാസ് ആക്രമണം നടക്കുമ്പോള്‍ വിദൂരത്ത് നിന്നുള്ള ചലനങ്ങള്‍ പോലും അറിയാന്‍ കഴിയുന്ന സെന്‍സറുകളും ഇരുട്ടിലെ ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന ക്യാമറകളും നിഷ്പ്രഭമായിരുന്നു. ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണ് എന്നതിന് വ്യക്തത് ഇസ്രായേലിന് ഇപ്പോഴും ലഭിച്ചിട്ടില്ല. ശനിയാഴ്ച ഹമാസ് ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണങ്ങളില്‍ 300 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ഹമാസിന് നേരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 1790 പേര്‍ക്ക് പരിക്കേറ്റു.

അതേസമയം പശ്ചിമേശ്യയിലെ പ്രതിസന്ധിയില്‍ ഇന്ത്യ ഇസ്രായേലിനൊപ്പം നിലയുറപ്പിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഇസ്രായേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങള്‍ മറികടന്ന് ഹമാസ് നുഴഞ്ഞുകയറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :