കൊല്‍ക്കത്ത കപ്പടിച്ചേ...!

ബാംഗ്ളൂര്‍| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (10:47 IST)
രാത്രീഞ്ചരന്മാര്‍ കളംനിറഞ്ഞാടിയപ്പോള്‍ രാജാക്കന്മാര്‍ അടിയറവു പറഞ്ഞു. ഐപിഎല്ലിന്റെ ഏഴാം സീസണിലെ രാജാക്കന്മാര്‍ ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.


ഫൈനലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയത്. ഇന്നലെ നടന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 199/ 4 എന്ന സ്കോര്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്ത മറികടന്നത്.

50പന്തില്‍ ഏഴ് ഫോറും ആറ് സിക്സുമടക്കം 94 റണ്ണടിച്ച മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍ ഗംഭീര്‍ (23), പിയൂഷ് ചൗള (13 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് കൊല്‍ക്കത്തയെ കിരീടം ചൂടിച്ചത്. കൊല്‍ക്കത്തയുടെ രണ്ടാമത്തെ ഐ‌പി‌‌എല്‍ കിരീടമാണിത്. പഞ്ചാബിന്റെ വൃദ്ധിമാന്‍ സാഹ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിഫലമാവുകയും ചെയ്തു.

ഐപിഎല്ലില്‍ ആദ്യമായി സെഞ്ച്വറി അടിച്ച ഇന്ത്യക്കാരനായ മനീഷ് പാണ്ഡെയ്ക്ക് രണ്ടാമതൊരിക്കല്‍ കൂടി സെഞ്ച്വറി സ്വന്തമാക്കാനുള്ള അവസരം ആറ് റണ്ണകലെ നഷ്ടമായെങ്കിലും ഫൈനലിലെ മികച്ച താരമാകാനുള്ള ഭാഗ്യം ലഭിച്ചു. പഞ്ചാബിന്റെ വിസ്മയ താരം ഗ്ളെന്‍ മാക്‌സ്‌വെല്ലാണ് പ്ളേയര്‍ ഒഫ് ദ സീരീസായത്.

ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ പഞ്ചാബിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. വീരേന്ദര്‍ സെവാഗും (10 പന്തില്‍ 7) , ഫാസ്റ്റ് ഡൗണായി ഇറങ്ങാന്‍ ധൈര്യം കാട്ടിയ നായകന്‍ ജോര്‍ജ് ബെയ്‌ലിയും (1) തുടക്കത്തിലേ പുറത്തായപ്പോള്‍ തന്നെ പഞ്ചാബിന് പരാജയം മണത്തു തുടങ്ങിയിരുന്നു.

സെവാഗിനെ നാലാംഓവറിന്റെ നാലാം പന്തില്‍ ഉമേഷ് യാദവിന്റെ പന്തില്‍ കൊല്‍ക്കത്തക്യാപ്ടന്‍ ഗംഭീര്‍ പിടികൂടുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ നരെയ്‌ന്‍ ബെയ്‌ലിയുടെ കുറ്റി നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ തെറുപ്പിച്ചു. ഇതോടെ വോറയും സാഹയും ചേര്‍ന്ന് പതിയെ ഇന്നിംഗ്സ് കരുപ്പിടിപ്പിക്കുകയായിരുന്നു.

12 ഓവറില്‍നിന്ന് 129 റണ്ണാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. കളി കൈവിടുന്നു എന്ന് കൊല്‍ക്കത്തയ്ക്കു തോന്നിയ നിമിഷം. ടീം സ്കോര്‍ 159-ല്‍ നില്‍ക്കെ 17.1 ഓവറില്‍ വോറയെ സ്വന്തം ബൗളിംഗില്‍ പിടികൂടി പീയൂഷ് ചൗളയാണ് സഖ്യം പൊളിച്ചത്. 52 പ ന്ത് നേരിട്ട വോറ ആറ് ഫോറും രണ്ട് സിക്സുമടിച്ചു. പിന്നീട് ഇറങ്ങിയ മാക്സ്‌വെല്‍ (0) ഡക്കായി. പിന്നീട് മില്ലറെ സാക്ഷി നിറുത്തി. സാഹ സെഞ്ച്വറിയിലേക്ക് കത്തിക്കയറി.

മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഇന്‍ഫോം ബാറ്റ്സ്മാന്‍ റോബിന്‍ ഉത്തപ്പയെ (5) തുടക്കത്തില്‍ത്തന്നെ നഷ്ടമായി. ഇന്നിംഗ്സിന്റെ നാലാം പന്തില്‍ മിച്ചല്‍ ജോണ്‍സന്റെ ബൗളിംഗില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടുകയായിരുന്നു പട്ടേല്‍. തുടര്‍ന്ന് നായകന്‍ ഗംഭീറും (23), മനീഷും ചേര്‍ന്ന് റണ്‍റേറ്റ് താഴാതെ പോരാടിയപ്പോള്‍ ആറോവറില്‍ കൊല്‍ക്കത്ത 59 / 1 എന്ന നിലയിലെത്തി.

എന്നാല്‍ അടുത്ത ഓവറിന്റെ ആദ്യപന്തില്‍ ഗംഭീര്‍ മില്ലര്‍ക്ക്ക്യാച്ച് നല്‍കി. കരണ്‍വീറായിരുന്നു ബൗളര്‍. പിന്നീടിറങ്ങിയ യൂസഫ് പഠാനും മനീഷും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 61 റണ്ണായിരുന്നു കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ നട്ടെല്ല്. 22 പന്തില്‍ നാല് ബൗണ്ടറിയടക്കം 36 റണ്ണടിച്ച യൂസഫിനെ പതിനാലാം ഓവറില്‍ കരണ്‍വീര്‍ തന്നെ
പുറത്താക്കി.

തുടര്‍ന്നിറങ്ങിയ ഷാക്കിബ് 12 റണ്ണെടുത്ത് ബെയ്‌ലിയുടെ ഡയറക്ട് ത്രോയില്‍ റണ്‍ ഔട്ടായി. തുടര്‍ന്നിറങ്ങിയ ഡ്യുഷാറ്റെയ്ക്കും അധികം തിളങ്ങാനായില്ല. 18.2 ഓവറില്‍ 187/7 എന്ന നിലയില്‍ പതറിയ കൊല്‍ക്കത്തയ്ക്ക് പിന്നെ ജയിക്കാന്‍ 10 പന്തില്‍ വേണ്ടിയിരുന്നത് 13 റണ്ണാണ്. മിച്ചല്‍ ജോണ്‍സണ്‍ പത്തൊമ്പതാം ഓവറിന്റെ അവസാന പന്ത് സിക്സറിന് പറത്തിയ പീയുഷ് ചൗള ലക്ഷ്യംആറ് പന്തില്‍ അഞ്ചാക്കി മാറ്റി. അവസാന ഓവറിന്റെ മൂന്നാം പന്തില്‍ പീയുഷിന്റെ ബാറ്റില്‍ നിന്നു തന്നെ ബൗണ്ടറിയിലേക്ക് പാഞ്ഞ പന്താണ് വിജയം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :