ഐപിഎല്‍ ജേതാവിനെ അറിയാം മണിക്കൂറുകള്‍ക്കകം

ബാംഗ്ളൂര്‍| VISHNU.NL| Last Modified ഞായര്‍, 1 ജൂണ്‍ 2014 (10:37 IST)
ഏഴാം സീസണ്‍ ഐപിഎല്ലിലെ ജേതാവിനെ ഇനി മണിക്കൂറുകള്‍ക്കകം അറിയാന്‍ സാധിക്കും. സീസണിലെ കലാശക്കളി ഇന്ന് ബാംഗ്ളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലാണ് രാത്രി എട്ടുമുതല്‍ ഫൈനല്‍ നടക്കുന്നത്.

ഗ്രൂപ്പ് റൗണ്ടിലെ 14 മത്സരങ്ങളില്‍ 11 എണ്ണവും ജയിച്ച ടീമാണ് പഞ്ചാബ്. പോയിന്റ് നിലയില്‍ നാല് പോയിന്റ്
വ്യത്യാസത്തില്‍ രണ്ടാമതെത്താനേ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളൂവെങ്കിലും ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ മലര്‍ത്തിയടിക്കാന്‍ കഴിഞ്ഞതിന്റെ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. പ്ളേ ഓഫിലേക്ക് ഉള്‍പ്പെടെ ഈ സീസണില്‍ മൂന്ന് തവണ കൊല്‍ക്കത്തയും പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും കൊല്‍ക്കത്തയ്ക്കായിരുന്നു ജയം.

സീസണിലെ തന്നെ കരുത്തന്മാര്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനക്കാരും ഏറ്റവും മികച്ച ബൗളര്‍മാരുടെ സംഘവും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഈ സീസണില്‍ നാലുതവണ 200 കടന്ന ടീമാണ് പഞ്ചാബ്. അതേ സമയം കൊല്‍ക്കത്തയെ വേറിട്ടതാക്കുന്നത്
ബൗളിംഗിലെ മികവുറ്റ സ്പിന്‍ - പേസ് കോമ്പിനേഷനാണ്.

മോണി മോര്‍ക്കല്‍, ഉമേഷ് യാദവ്, പിയൂഷ് ചൗള, ഷാക്കിബ് തുടങ്ങിയവരും മോശക്കാരല്ല. കൊല്‍ക്കത്തന്‍ ബൗളിംഗ് തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ പഞ്ചാബിന്റെ ബൗളര്‍മാര്‍ക്കും കഴിയും. യുവ ഇന്ത്യന്‍ താരങ്ങളായ അക്ഷര്‍ പട്ടേലും സന്ദീപ് ശര്‍മ്മയുമാണ് പഞ്ചാബിന്റെ ബൗളിംഗ് പ്രതീക്ഷകള്‍. മിച്ചല്‍ ജോണ്‍സണ്‍, റിഷി ധവാന്‍, ബാലാജി എന്നിവരും പഞ്ചാബ് നിരയിലുണ്ട്.

കൊല്‍ക്കത്തയുടെ റോബിന്‍ ഉത്തപ്പയും പഞ്ചാബിന്റെ ഗ്ളെന്‍മാക്സും തമ്മിലുള്ള പോരാട്ടമാണ് ഇതെന്നു പറയാം. കാരണം രണ്ടുപേരും ബാറ്റിംഗിലെ മികവുകൊണ്ട്
സീസണില്‍ ശ്രദ്ധ പിടിച്ചു പറ്റിയവരാണ്. ആദ്യ ഘട്ടത്തിലെ മാക്സ്‌വെല്ലിന്റെ മാജിക്കിനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് നേടിയിരിക്കുന്ന താരമാണ് ഉത്തപ്പ. അതേസമയം വീരേന്ദര്‍ സെവാഗ്, സ്ഥിരം ഫോമില്‍ കളിക്കുന്ന മനന്‍വോറ, വൃദ്ധിമാന്‍സാഹ, ഡേവിഡ് മില്ലര്‍, ക്യാപ്ടന്‍ ജോര്‍ജ് ബെയ്ലി എന്നിവര്‍ക്കെല്ലാം മേലേയാണ് മാക്സ്‌വെല്ലിനെ എതിരാളികള്‍ പ്രതീക്ഷിക്കുന്നത്. ഉത്തപ്പയിലൂടെയാണ് കൊല്‍ക്കത്ത മാക്സ്‌വെല്ലിന് മറുപടി നല്‍കാന്‍ ശ്രമിക്കുക. ഗംഭീര്‍, യൂസഫ് പഠാന്‍, ഷാക്കിബ്, ഡ്യൂഷാറ്റെ എന്നിവര്‍ ഉത്തപ്പയ്ക്ക് പിന്തുണ നല്‍കാനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :