ദൈവം നൽകിയ കഴിവുകൾ സഞ്ജു പാഴാക്കുന്നു: വിമർശനവുമായി ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (12:47 IST)
ദൈവം നൽകിയ കഴിവുകൾ പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ പ്രകടനമെന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ.പഞ്ചാബ് കിങ്‌സിനെതിരായ മത്സര ശേഷമാണ് സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗാവസ്‌കറിന്റെ പ്രതികരണം. നീണ്ടകാലം ഇന്ത്യൻ ക്രിക്കറ്റിൽ ഒരു കരിയർ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സഞ്ജു സ്കോറിങിൽ സ്ഥിരത കണ്ടെത്തിയെ മതിയാകുവെന്നും ഗവാസ്കർ പറഞ്ഞു.

2015ൽ അരങ്ങേറ്റം കുറിച്ചിട്ടും ഏകദിനത്തിലും ടി20യിലുമ് സഞ്ജു കളിച്ചത് ചുരുക്കം കളിയിലാണ്. ഐപിഎല്ലിൽ വമ്പൻ സ്കോറുകൾ നേടിയിട്ടുണ്ടെങ്കിലും അത് വല്ലപ്പോഴും ഒരു ഇന്നിങ്‌സ് മാത്രമായി ചുരുങ്ങി.ഷോട്ട് സെലക്ഷനാണ് കളിക്കാരന്റെ പ്രതിബദ്ധതയും കേളീശൈലിയും നിര്‍ണയിക്കുക. കുട്ടികളേയും പാകം വന്ന കളിക്കാരനും വ്യത്യസ്തമാക്കുന്നത് അതാണ്.

ഈ ഷോട്ട് സെലക്ഷൻ തന്നെയാണ് സഞ്ജുവിന്റെ പ്രശ്‌നവും.തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള ത്വര സഞ്ജു ചുരുക്കണം. അല്ലാത്ത പക്ഷം ദൈവം നല്‍കിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക.രാജ്യാന്തര തലത്തിൽ ഓപ്പണറായി പോലുമല്ല സഞ്ജു കളിക്കുന്നത്. അപ്പോഴും ക്രീസിലെത്തി ആദ്യ പന്ത് തന്നെ ഗ്രൗണ്ടിന് പുറത്തേക്ക് പായിക്കാനാണ് ശ്രമം. അത് അസാധ്യമാണ്. ഫോമിന്റെ ഉച്ഛസ്ഥായിലുള്ളപ്പോള്‍ പോലും അത് ഏറക്കുറേ അസാധ്യമാണ്.

സിംഗിളുകളെടുത്ത് തുടങ്ങി താളം കണ്ടെത്തിയ ശേഷം വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണ് നല്ലത്. ഷോട്ട് സെലക്ഷനില്‍ സഞ്ജു കൂടുതല്‍ ശ്രദ്ധ പുലർത്തിയാൽ മാത്രമെ ഉയർന്ന നിലവാരമുള്ള ബാറ്റ്സ്മാനായി മാറാൻ സഞ്ജുവിന് കഴിയുകയുള്ളു. ഗവാസ്‌കർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :