അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2024 (12:27 IST)
ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്ന് പൊരുതിനോക്കാന്‍ കൂടി കഴിയാതെ തോല്‍വി വഴങ്ങി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ
340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയേയും പിന്നാലെ എത്തിയ കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെയും വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ നിന്നും യശ്വസി ജയ്‌സ്വാള്‍- റിഷഭ് പന്ത് സഖ്യം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ മത്സരത്തിന്റെ ഒരു ഘട്ടം വരെ ഇന്ത്യയ്ക്ക് വിജയസാധ്യതയുണ്ടായിരുന്നു.
എന്നാല്‍ ടീം സ്‌കോര്‍ 121 റണ്‍സില്‍ നില്‍ക്കെ റിഷഭ് പന്ത് ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടമാക്കിയതോടെ പിന്നീട് ഓസീസ് ടീമിന് ചെയ്യാനുണ്ടായിരുന്നത് ചടങ്ങുകള്‍ തീര്‍ക്കുക എന്നത് മാത്രമായിരുന്നു. 104 പന്തില്‍ നിന്നും 30 റണ്‍സുമായി തന്റെ പതിവ് രീതിയില്‍ നിന്ന് മാറി ടീം തോല്‍ക്കുന്നത് ഒഴിവാക്കുക എന ലക്ഷ്യവുമായാണ് പന്ത് ബാറ്റ് വീശിയത്. എന്നാാല്‍ ഒരു മോശം ഷോട്ടില്‍ പന്ത് തന്റെ വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. 121 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നും ടീം ഓള്‍ ഔട്ടായത് 155 റണ്‍സിനാണ്.
പന്തിന് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 2 റണ്‍സിനും നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വാഷിങ്ങ്ടണ്‍ സുന്ദര്‍ 5 റണ്‍സിനിമാണ് ഔട്ടായത്. വിവാദകരമായ തീരുമാനത്തില്‍ 84 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ കൂടി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അധികം വൈകാതെ തന്നെ ഓസീസ് ബൗളര്‍മാര്‍ അവസാന ഇന്ത്യന്‍ ബാറ്ററെ കൂടി അടിയറവ് പറയിപ്പിച്ചു. ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും 3 വിക്കറ്റ് വീതവും നഥാന്‍ ലിയോണ്‍ 2 വിക്കറ്റും ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.