അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2024 (14:51 IST)
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കി ഇന്ത്യ. മഴ ഇടയ്ക്കിടെ തടസ്സപ്പെടുത്തിയ നാലാം ദിനത്തില്‍ വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ 75.5 ഓവറില്‍ 9 വിക്കറ്റിന് 252 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറിന് 193 റണ്‍സ് പിറകിലാണ് ഇന്ത്യ.
ഓപ്പണര്‍ കെ എല്‍ രാഹുലും (84) ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ(77) യും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ വലിയ പോരാട്ടം കാഴ്ചവെച്ച നിതീഷ് കുമാര്‍ റെഡ്ഡിക്ക് പിന്നാലെ സിറാജും രവീന്ദ്ര ജഡേജയും പുറത്തായപ്പോള്‍ ടീം ഫോളോ ഓണ്‍ വഴങ്ങുമെന്ന ഇടത്ത് നിന്നാണ് ജസ്പ്രീത് ബുമ്രയുടെയും ആകാശ് ദീപിന്റെയും കൂട്ടുക്കെട്ട് ഇന്ത്യയെ കരകയറ്റിയത്. നാലാം ദിനം അവസാനിക്കുമ്പോള്‍ 27 റണ്‍സുമായി ആകാശ് ദീപ് 10 റണ്‍സുമായി ജസ്പ്രീത് ബുമ്രയും ക്രീസിലുണ്ട്. ഫോളോ ഓണ്‍ ഒഴിവാക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ച് മത്സരം വിജയിക്കാനുള്ള ഓസീസ് ശ്രമത്തിന് തടയിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രലിയ ട്രാവിസ് ഹെഡിന്റെയും (152), സ്റ്റീവ് സ്മിത്തിന്റെയും (101) സെഞ്ചുറികളുടെ കരുത്തില്‍ 445 റണ്‍സാണ് എടുത്തത്. അലക്‌സ് കാരെയുടെ 70 റണ്‍സും ഓസീസിന് കരുത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത്
ബുമ്ര ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതീഷ് റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അഞ്ചാം ദിനത്തില്‍ ഇരു ടീമുകള്‍ക്കും ഓരോ ഇന്നിങ്‌സുകള്‍ ബാക്കിയായുള്ളതിനാല്‍ തന്നെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയിലാകാനാണ് സാധ്യതകളേറെയും.