ഇന്ത്യയ്ക്ക് മറക്കാനാവാത്ത ഗ്രൗണ്ട്, ഗാബയില്‍ ഹെഡിന്റെ റെക്കോര്‍ഡ് മോശം, ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവം

Travis Head
Travis Head
അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (19:39 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശനിയാഴ്ച ഗാബയില്‍ തുടക്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:50 മുതലാണ് മത്സരം തുടങ്ങുക. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമായതിനാല്‍ ഇരുടീമുകള്‍ക്കും നാളത്തെ മത്സരം നിര്‍ണായകമാണ്. 2021 ഗാബയില്‍ വിജയിച്ചാണ് ഇന്ത്യ ഐതിഹാസികമായി പരമ്പര വിജയം സ്വന്തമാക്കിയത് എന്നതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഗാബ സ്‌പെഷ്യല്‍ ഗ്രൗണ്ടാണ്.


അതേസമയം അഡലെയ്ഡിലും പെര്‍ത്തിലും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച ട്രാവിസ് ഹെഡിന്റെ ഗാബയിലെ റെക്കോര്‍ഡ് മോശമാണെന്നുള്ളതും ഇന്ത്യയ്ക്ക് ആഹ്‌ളാദം നല്‍കുന്നതാണ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും, ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത് ട്രാവിസ് ഹെഡായിരുന്നു. എന്നാല്‍ ഗാബയിലെ അവസാന ഇന്നിങ്ങ്‌സുകളില്‍ 2 തവണ ഗോള്‍ഡന്‍ ഡക്കായാണ് താരം പുറത്തായത്. 2022ല്‍ സൗത്താഫ്രിക്കക്കെതിരെയും അതിന് ശേഷം ഈ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെയുമാണ് ഹെഡ് ഗാബയില്‍ കളിച്ചത്. രണ്ടിന്നിങ്ങ്‌സിലും താരം ഗോള്‍ഡന്‍ ഡക്കായിരുന്നു.


ടെസ്റ്റില്‍ 51 ടെസ്റ്റുകളില്‍ നിന്നും 3413 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയിട്ടുള്ളത്. ഇതില്‍ 955 റണ്‍സും ഇന്ത്യക്കെതിരെയാണ്. വെറും 12 ടെസ്റ്റുകളില്‍ നിന്ന് 47.75 റണ്‍സ് ശരാശരിയിലാണ് ഹെഡിന്റെ നേട്ടം. 2 സെഞ്ചുറികളും 4 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :