ചെന്നൈ|
Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (16:33 IST)
ഇടംകൈയുടെ കരുത്തില്‍ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഭരിച്ച അനവധി താരങ്ങളുണ്ട് ലോക ക്രിക്കറ്റില്‍. ലാറയും ജയസൂര്യയും ഗാംഗുലിയും ഉള്‍പ്പടെയുള്ള ഇതിഹാസങ്ങള്‍. ഇന്ത്യയുടെ പ്രിയതാരം സുരേഷ് റെയ്നയും തന്റെ ഇടംകൈ ബാറ്റിംഗ് പ്രഹരം കൊണ്ട് എതിര്‍ടീമുകളെ വിറപ്പിക്കുന്നതില്‍ മുന്നില്‍ത്തന്നെ.
സുരേഷ് റെയ്ന ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ? എത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. കാരണം, ആ പ്രഹരശേഷിക്ക് അല്‍പ്പം പോലും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നതുതന്നെ. വരുന്ന ലോകകപ്പില്‍ മിഡില്‍ ഓര്‍ഡറില്‍ റെയ്ന കളിക്കാനിറങ്ങിയാല് അത് ഇന്ത്യയുടെ കിരീടസാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം.
ഐ പി എല്‍ ക്രിക്കറ്റില്‍ മിന്നുന്ന താരമാണ് സുരേഷ് റെയ്ന. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്വന്തം ചിന്നത്തല. ഐ പി എല്ലില്‍ ആദ്യമായി 5000 റണ്‍സ് തികച്ച താരമാണ് റെയ്ന. എല്ലാ സീസണിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ 32കാരന് കഴിയുന്നു.
32 വയസ് ആയതേയുള്ളൂ റെയ്നയ്ക്ക് എന്നത് ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ തിരിച്ചെത്തിയാല്‍, മധ്യനിരയില്‍ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ഓള്റൌണ്ടറായിരിക്കും സുരേഷ് റെയ്ന. മാത്രമല്ല, ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ കൂടിയാണ് അദ്ദേഹം.
ഇതിഹാസമായ ജോണ്ടി റോഡ്സ് ഈയിടെ പറഞ്ഞത്, സുരേഷ് റെയ്നയാണ് നമ്പര്‍ വണ്‍ ഫീല്‍ഡര്‍ എന്നാണ്. റിഷഭ് പന്തിനെപ്പോലെയുള്ള ഇടംകൈയ്യന്മാര് എത്തിയതാണ് റെയ്നയ്ക്ക് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചത്. എന്നാല്‍ റെയ്നയെപ്പോലെ ഒരു ഓള്‍റൌണ്ടറുടെ അഭാവം ഇന്ത്യന്‍ ടീമില്‍ പ്രതിഫലിക്കുന്നുണ്ട്.
ചെന്നൈയുടെ ഐപിഎല്‍ കിരീടനേട്ടങ്ങളിലെ മുഖ്യകാരണങ്ങളിലൊന്നായ സുരേഷ് റെയ്ന ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തരുന്നതിലും തന്റേതായ പങ്കുവഹിക്കാന്‍ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കാം.