മുംബൈ|
jibin|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (14:57 IST)
വിദേശത്ത് ഒളിവില്‍ കഴിയുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത് മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കമ്മീഷ്‌ണര്‍ ലളിത് മോഡിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മോഡിയും
ബിസിസിഐ മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹറും ഇ-മെയില്‍ വഴി നടത്തിയ ആശയവിനിമയങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം പുറത്ത് വിട്ടത്. ഐപിഎല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ആദിത്യ വര്‍മയുമായും മോഡി നിരന്തരം ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നും
ബിസിസിഐയിലെ ഉന്നതരുമായി ലളിത് മോഡിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി തെളിയിക്കുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും ബ്ലാക്ക്‌ലിസ്റ്റ് ഉള്‍പ്പെടുത്തി ഒഴിവാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും മോഡി നിര്‍ദേശിക്കുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം ശരത് പവാറുമായി സംസാരിച്ചിട്ടുണ്ടെന്നും മോഡി ശശാങ്ക് മനോഹറിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ശശാങ്ക് മനോഹര്‍ മോഡിക്ക് അയച്ച ഇ-മെയിലും പുറത്തായിട്ടുണ്ട്. അന്നത്തെ ബിസിസിഐ ആക്ടിങ് പ്രസിഡന്റ് ശിവലാല്‍ യാദവിന് അയച്ച കത്താണ് ശശാങ്ക് മനോഹര്‍ മോഡിക്ക് ഫോര്‍വേഡ് ചെയ്തത്. സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ അഭിഭാഷകര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യംചെയ്തുകൊണ്ട് എഴുതിയ കത്താണിത്. ഈ കത്ത് മോഡി പിന്നീട് തന്റെ അഭിഭാഷകര്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണിക്കും അയച്ചുകൊടുത്തിട്ടുമുണ്ട്.