അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2024 (17:42 IST)
ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. അടുത്ത നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ ലോര്‍ഡ്‌സില്‍ കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കാനായിരുന്നു രോഹിത്തിന്റെ പദ്ധതി. ഇനി ഫൈനല്‍ യോഗ്യത നേടാന്‍ സാധ്യത വിരളമാണ്. സിഡ്‌നി ടെസ്റ്റില്‍ വിജയിച്ചാലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
ടെസ്റ്റ് സീരീസിന് പിന്നാലെ പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തില്‍ നിന്നും രോഹിത് വിരമിക്കുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പ് നേടിയ ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റിലെ വിരമിക്കലിനെ പറ്റി ബിസിസിഐ പ്രതിനിധികളുമായി രോഹിത് ചര്‍ച്ച ചെയ്തതായാണ് വിവരം.