രേണുക വേണു|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2024 (07:46 IST)
Rohit Sharma: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 40 പന്തുകള്‍ നേരിട്ട രോഹിത് വെറും ഒന്‍പത് റണ്‍സെടുത്ത് കൂടാരം കയറി. പാറ്റ് കമ്മിന്‍സിന്റെ ബോളില്‍ മിച്ചല്‍ മാര്‍ഷിനു ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകള്‍. അതായത് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 6.2 ശരാശരിയില്‍ വെറും 31 റണ്‍സ് !
ടെസ്റ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത് വിരമിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും അഭിപ്രായപ്പെടുന്നു. രോഹിത്തിന്റെ അവസാന 16 ഇന്നിങ്‌സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3, 9 ! അവസാന 16 ഇന്നിങ്‌സുകളില്‍ രണ്ടക്കം കണ്ടിരിക്കുന്നത് വെറും അഞ്ച് തവണ മാത്രം.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും രോഹിത് ഇന്ത്യക്ക് ബാധ്യതയായതിനാല്‍ ഇനിയും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു. രോഹിത്തിനു പകരം ഋതുരാജ് ഗെയ്ക്വാദ് ടെസ്റ്റ് ടീമില്‍ വരുന്നതാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു.