നാഗ്പൂര്‍|
സജിത്ത്|
Last Modified ഞായര്‍, 26 നവംബര്‍ 2017 (16:03 IST)
ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇരട്ടസെഞ്ചുറി നേടിയവരുടെ കൂട്ടത്തില്‍ സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനെയും മറികടന്നാണ് കോഹ്ലി ഈ പുതിയ നേട്ടം കൈവരിച്ചത്.
നായകനെന്ന നിലയിൽ ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ചുറികൾ നേടിയ താരമെന്ന നേട്ടമാണ് നാഗ്പൂരിൽ കോഹ്ലിയെ തേടിയെത്തിയത്. നിലവില്‍ ഈ നേട്ടം ബ്രയാൻ ലാറയ്ക്കൊപ്പമാണ് കോഹ്ലി പങ്കിടുന്നത്. അഞ്ച് ഇരട്ടസെഞ്ചുറികളാണ് നായകസ്ഥാനത്തുനിന്ന് ഇരുവരും കുറിച്ചത്.
അതേസമയം, ബ്രാഡ്മാന്റെ അക്കൗണ്ടിൽ നായകനെന്ന നിലയിൽ നാല് ഇരട്ടസെഞ്ചുറികളാണുള്ളത്. കോഹ്ലി നേടിയ ഇരട്ടസെഞ്ചുറികളെല്ലാം നായകസ്ഥാനത്ത് എത്തിയശേഷമാണെന്നതും ശ്രദ്ധേയമാണ്. ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 258 പന്തിൽനിന്നായിരുന്നു കോഹ്ലിയുടെ ഇരട്ടസെഞ്ചുറി നേട്ടം.
സുനില്‍ ഗാവസ്കറിന്റെ 11 സെഞ്ചുറികളുടെ റെക്കോര്‍ഡും 12 സെഞ്ചുറികളുമായി കോഹ്ലി മറികടന്നു. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന നായകനെന്ന അപൂർവ്വ റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. ഈ വർഷത്തെ പത്താമത് സെഞ്ചുറിയാണ് കോഹ്ലി നാഗ്പൂരിൽ സ്വന്തമാക്കിയത്.
മുന്‍ ഓസീസ് നായകൻ റിക്കി പോണ്ടിംഗിന്റെ ഒമ്പത് സെഞ്ചുറികളുടെ റെക്കോർഡാണ് കോഹ്ലി സ്വന്തം പേരിലെഴുതിയത്. ഈ വർഷം ആറ് ഏകദിന സെഞ്ചുറികളും നാല് ടെസ്റ്റ് സെഞ്ചുറികളുമാണ് ഇതുവരെ കോഹ്ലി നേടിയത്. കരിയറിലെ 51-ാം സെഞ്ചുറിയാണ് കോഹ്ലി നാഗ്പൂരിൽ കുറിച്ചത്. ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു.