രേണുക വേണു|
Last Modified ശനി, 21 സെപ്‌റ്റംബര്‍ 2024 (20:53 IST)
ചെപ്പോക്ക് ടെസ്റ്റില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് നേരിയ മേല്‍ക്കൈ. 515 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 37.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് ദിവസം ശേഷിക്കെ 357 റണ്‍സാണ് ബംഗ്ലാദേശിനു ഇനി ജയിക്കാന്‍ വേണ്ടത്. ഇന്ത്യക്ക് ആകട്ടെ ആറ് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ജയം സ്വന്തമാക്കാം.
60 പന്തില്‍ 51 റണ്‍സുമായി നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും 14 പന്തില്‍ അഞ്ച് റണ്‍സുമായി ഷാക്കിബ് അല്‍ ഹസനുമാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (33), ഷദ്മന്‍ ഇസ്ലാം (35), മൊമിനുല്‍ ഹഖ് (13), മുഷ്ഫിഖര്‍ റഹിം (13) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഒന്നാം ഇന്നിങ്സില്‍ 227 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ രണ്ടാം ഇന്നിങ്സ് 287 റണ്‍സിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സ് നേടിയത്. മൂന്നാം ദിനം മുഴുവന്‍ ബാറ്റ് ചെയ്ത ശേഷം ഡിക്ലയര്‍ ചെയ്യുകയായിരുന്നു നല്ലതെന്ന അഭിപ്രായം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (176 പന്തില്‍ പുറത്താകാതെ 119), റിഷഭ് പന്ത് (128 പന്തില്‍ 109) എന്നിവര്‍ സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ 19 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.