Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ചുറി (110 ബോളില്‍ 105) കരുത്തിലാണ് അഫ്ഗാന്‍ 300 കടന്നത്

Afghanistan
രേണുക വേണു| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2024 (08:10 IST)
Afghanistan

Afghanistan vs South Africa: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര അഫ്ഗാനിസ്ഥാന്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു കളി ശേഷിക്കെ 2-0 ത്തിനാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 177 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ ഏത് വമ്പന്‍മാരേയും വീഴ്ത്താന്‍ കെല്‍പ്പുള്ള ടീമാണ് തങ്ങളെന്ന് അഫ്ഗാനിസ്ഥാന്‍ തെളിയിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 34.2 ഓവറില്‍ 134 ന് ഓള്‍ഔട്ടായി. അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് കളിയിലെ താരം.

ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ചുറി (110 ബോളില്‍ 105) കരുത്തിലാണ് അഫ്ഗാന്‍ 300 കടന്നത്. 10 ഫോറുകളും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു ഗുര്‍ബാസിന്റെ ക്ലാസിക് ഇന്നിങ്‌സ്. അസ്മത്തുള്ള ഒമര്‍സായി 50 പന്തില്‍ 86 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് ഫോറുകളും ആറ് സിക്‌സുകളും അടങ്ങിയതായിരുന്നു ഒമര്‍സായിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. റഹ്‌മത്ത് ഷാ അര്‍ധ സെഞ്ചുറി (66 പന്തില്‍ 50) നേടി.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും റാഷിദ് ഖാന്‍ എത്തിയതോടെ വിക്കറ്റുകള്‍ ഓരോന്നായി വീഴാന്‍ തുടങ്ങി. ഓപ്പണര്‍ ടോണി ഡി സോര്‍സിയെ പുറത്താക്കിയാണ് റാഷിദ് ഖാന്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒന്‍പത് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ റാഷിദ് ഖാന്‍ വീഴ്ത്തി. 47 പന്തില്‍ 38 റണ്‍സെടുത്ത നായകന്‍ തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആറ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. അഫ്ഗാനു വേണ്ടി നംഗേയലിയ ഖരോട്ടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഒന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. ദക്ഷിണാഫ്രിക്ക 106 റണ്‍സിന് ഓള്‍ഔട്ട് ആകുകയും അഫ്ഗാന്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :