രേണുക വേണു|
Last Updated:
ശനി, 29 ജൂണ്‍ 2024 (23:51 IST)
India World Cup Champions
India T20 World Cup Champions: 17 വര്‍ഷങ്ങള്‍ക്കു ശേഷം ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട ധാരണം. ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ച മത്സരമാണ് ഇന്ത്യന്‍ പേസര്‍മാര്‍ കണിശതയാര്‍ന്ന ബൗളിങ് മികവിലൂടെ തിരിച്ചുപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു തോല്‍വി പോലും അറിയാതെയാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടം.
ആറ് വിക്കറ്റ് ശേഷിക്കെ 24 പന്തില്‍ വെറും 26 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയും ലോകകപ്പും തമ്മിലുള്ള ദൂരം. അവിടെ നിന്നാണ് ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്ക് സ്വപ്‌ന വിജയം സമ്മാനിച്ചത്. വെറും നാല് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ഹാര്‍ദിക് 17-ാം ഓവറില്‍ വീഴ്ത്തിയത്. 18-ാം ഓവറില്‍ രണ്ട് റണ്‍സ് വഴങ്ങി ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് വീഴ്ത്തി. 19-ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് വഴങ്ങിയത് വെറും നാല് റണ്‍സ് മാത്രം. ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ശേഷിക്കെ ആറ് പന്തില്‍ 16 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. അപകടകാരിയായ ഡേവിഡ് മില്ലറെ പവലിയനിലേക്ക് മടക്കി പാണ്ഡ്യ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. തുടര്‍ന്നുള്ള അഞ്ച് പന്തില്‍ പാണ്ഡ്യ വിട്ടുകൊടുത്തത് എട്ട് റണ്‍സ് മാത്രം...!
അഞ്ചാമനായി ക്രീസിലെത്തിയ ഹെന്‍ റിച്ച് ക്ലാസന്‍ 27 പന്തില്‍ 52 റണ്‍സ് നേടി ഇന്ത്യക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 31 പന്തില്‍ 39 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 21 പന്തില്‍ 31 റണ്‍സും നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ രോഹിത് ശര്‍മ (അഞ്ച് പന്തില്‍ ഒന്‍പത്), റിഷഭ് പന്ത് (രണ്ട് പന്തില്‍ പൂജ്യം), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ മൂന്ന്) എന്നിവരെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയും അക്ഷര്‍ പട്ടേലിന്റെ മികച്ച ഇന്നിങ്‌സുമാണ് ഇന്ത്യന്‍ സ്‌കോര്‍ 176 ല്‍ എത്തിച്ചത്. കോലി 59 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 76 റണ്‍സ് നേടി. അക്ഷര്‍ പട്ടേല്‍ 31 പന്തില്‍ 47 റണ്‍സെടുത്തു. ശിവം ദുബെ 16 പന്തില്‍ 27 റണ്‍സുമായി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.