പാകിസ്ഥാന്‍ പരാജയപ്പെട്ടത് കോഹ്‌ലിക്കു മുമ്പിലോ ?; തെളിവുകളുണ്ട് ...

പാകിസ്ഥാന്‍ പരാജയപ്പെട്ടത് കോഹ്‌ലിക്കു മുമ്പിലോ ?; തെളിവുകളുണ്ട് ...

ബര്‍മിങ്ങാം| jibin| Last Modified തിങ്കള്‍, 5 ജൂണ്‍ 2017 (14:56 IST)
ഇന്ത്യന്‍ ടീമിന്റെ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലുമാകാതെ പാക് പോരാളികള്‍ ഒന്നിനു പുറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ആരാധകര്‍ക്ക് നഷ്‌ടമായത് ആവേശകരമായ ഒരു ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരമാണ്. കളിയുടെ സമസ്ഥ മേഖലകളിലും വിരാട് കോഹ്‌ലിയും സംഘവും ആധിപത്യം സ്ഥാപിച്ചതോടെ ആഗ്രഹിച്ച ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായി.

ജയത്തോടെ ചാമ്പ്യന്‍സ്‌ ട്രോഫിക്കായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കാന്‍ ഇന്ത്യക്ക് സാധിച്ചപ്പോള്‍ ആവേശം നഷ്‌ടമായ ഒരു മത്സരമാണ് കഴിഞ്ഞത്. മികച്ച ബാറ്റിംഗ്, തകര്‍പ്പന്‍ ഷോട്ടുകള്‍, ഫീല്‍ഡിംഗ് പ്രകടനം എന്നീ മേഖലകളില്‍ ഇന്ത്യ ആവേശം അഴിച്ചു വിട്ടപ്പോള്‍ പാക് ദുരന്തമാണ് ബര്‍മിങ്ങാമില്‍ കണ്ടത്.

ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് ഭീഷണിയുയര്‍ത്താന്‍ പാകിസ്ഥാനായില്ല. മഴ മാത്രമാണ് വിരാട് കോഹ്‌ലിക്ക്
ആശങ്കയുണ്ടാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 319 റൺസ് നേടിയപ്പോഴും ഡക്ക് വർത്ത് ലൂയിസ് നിയമം വില്ലനാകുമോ എന്ന് കോഹ്‌ലിക്ക് ഭയമുണ്ടായിരുന്നു.

ശിഖര്‍ ധവാന്‍ (65 പന്തിൽ 68) പുറത്തായശേഷമെത്തിയ കോഹ്‌ലി രോഹിത്തിനൊപ്പം പതുക്കെയാണു തുടങ്ങിയത്. പിന്നാലെ സ്‌കോറിംഗിന് വേഗത കുറഞ്ഞു. റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തിയാല്‍ ഡക്ക് വർത്ത് ലൂയിസ് നിയമം തിരിച്ചടി നല്‍കുമെന്ന് കോഹ്‌ലിക്ക് അറിയാമായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 320, 330 എത്തുമെന്ന് തോന്നിച്ചപ്പോഴാണ് മെല്ലപ്പോക്ക് ശക്തമായത്.



രോഹിത് (119 പന്തിൽ 91) പുറത്തായ ശേഷം യുവരാജ് ക്രീസില്‍ എത്തിയതോടെ കളിയുടെ സ്വഭാവം തന്നെ മാറി. അതിവേഗം യുവി സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ വന്‍ ഷോട്ടുകള്‍ കളിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചില്ല. എന്നാല്‍ കളിയുടെ നിയന്ത്രണം യുവിക്ക് നല്‍കി സ്‌ട്രൈക്ക് കൈമാറുക എന്ന തന്ത്രമാണ് കോഹ്‌ലി പുറത്തെടുത്തത്.

അപ്രതീക്ഷിതമായി യുവരാജ് (32 പന്തിൽ 53) പുറത്തായതോടെ മഹേന്ദ്ര സിംഗ് ധോണിയുടെ വരവിനായി ആരാധകര്‍ കാത്തിരുന്നപ്പോള്‍ എത്തിയത് ആണ്. മൂന്നിന് 285 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യയപ്പോള്‍.
ധോണിയെ പിന്തള്ളി യുവതാരത്തെ ക്രീസില്‍ എത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ കോഹ്‌ലിയായിരുന്നു.


താന്‍ മുന്‍ കൈയെടുത്ത് നടപ്പാക്കിയ തന്ത്രം വിജയിക്കുന്നത് ഇന്ത്യന്‍ ക്യാപ്‌റ്റന് കാണാന്‍ സാധിച്ചു. അവസാന ഓവർ എറിഞ്ഞ സ്പിന്നർ ഇമാദ് വസീമിനെ തുടർച്ചയായി മൂന്നുവട്ടം സിക്സറിനു പറത്തിയാണ് പാണ്ഡ്യ ഇന്ത്യൻ ഇന്നിങ്സിന് ആവേശകരമായ അടിവരയിട്ടത്. ഈ പ്രകടനമാണ് സ്‌കോര്‍ 319ല്‍ എത്തിച്ചത്. ഈ സമയവും കോഹ്‌ലി (68 പന്തിൽ 81) ക്രീസില്‍ തന്നെയുണ്ടായിരുന്നു.

അവസാന നാല് ഓവറിൽ ഇന്ത്യ 72 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇത് ഇന്ത്യയുടെ ബാറ്റിംഗ് ശക്തി എന്താണെന്ന് വ്യക്തമാക്കി തന്നു. കളിയുടെ എല്ലാ മേഖലകളിലും കോഹ്‌ലി പരീക്ഷണങ്ങള്‍ നടത്തുകയും ജയം കാണുകയും ചെയ്‌തു. ധോണിക്ക് പകരം പാണ്ഡ്യയെ നേരത്തെ ഇറക്കിയതും ഡക്ക് വർത്ത് ലൂയിസ് നിയമം തിരിച്ചടിയാകാതെ കളിയുടെ നിയന്ത്രണം കൈകാര്യം ചെയ്‌തതും പ്രശംസ അര്‍ഹിക്കുന്ന കോഹ്‌ലിയുടെ തീരുമാനമായിരുന്നു.



ഇംഗ്ലണ്ടിലെ വേഗമാര്‍ന്ന പിച്ചില്‍ ഉമേഷ് യാദവ് അപകടകാരിയാകുമെന്ന് ഉറപ്പിക്കാം. ഇന്ത്യന്‍ പര്യടനത്തിനെത്തിയെ ഓസ്‌ട്രേലിയന്‍ ടീമിനെ വലച്ചത് ഉമേഷിന്റെ വേഗമാര്‍ന്ന് പന്തുകളായിരുന്നു. ഇക്കാര്യം ഓസീസ് നായകന്‍ സ്‌റ്റീവ് സ്‌മിത്ത് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. രവീന്ദ്ര ‍ജ‍ഡേജയും ഹാർദിക് പാണ്ഡ്യയും മികച്ച ബോളിംഗ് പുറത്തെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് ബാറ്റ്‌സ്‌മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചു.

വരും മത്സരങ്ങളിലും ഇതേ മികവ് ആവര്‍ത്തിച്ചാല്‍ വിരാട് കോഹ്‌ലിക്ക് സന്തോഷിക്കാനുള്ള വകയുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :