Rohit Sharma: രോഹിത് ശര്‍മയ്ക്കു 'റെഡ് സിഗ്നല്‍' നല്‍കി ബിസിസിഐ; നായകസ്ഥാനം ഉടന്‍ ഒഴിയും

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെയാണ് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ മുഖേന ബിസിസിഐ രോഹിത്തിനു മുന്നറിയിപ്പ് നല്‍കിയത്

Rohit Sharma
Rohit Sharma
രേണുക വേണു| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (20:44 IST)

Rohit Sharma: രോഹിത് ശര്‍മ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞേക്കും. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിനു ശേഷമായിരിക്കും രോഹിത്തിന്റെ പ്രഖ്യാപനം. ജനുവരി മൂന്ന് മുതല്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ കൂടി നിരാശപ്പെടുത്തിയാല്‍ നായകസ്ഥാനവും ടെസ്റ്റ് ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ബിസിസിഐ രോഹിത് ശര്‍മയ്ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെയാണ് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ മുഖേന ബിസിസിഐ രോഹിത്തിനു മുന്നറിയിപ്പ് നല്‍കിയത്. ടെസ്റ്റ് ഭാവിയെ കുറിച്ച് കാര്യമായി ആലോചിക്കണമെന്നും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് മുന്നറിയിപ്പ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്താനുള്ള സാധ്യതകള്‍ മങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് ബിസിസിഐയുടെ നീക്കം. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായുള്ള ടെസ്റ്റ് മത്സരങ്ങളില്‍ പുതിയ നായകനായിരിക്കണം ഇന്ത്യയെ നയിക്കേണ്ടതെന്നാണ് ബിസിസിഐയുടെ നിലപാട്.

ക്യാപ്റ്റന്‍സിക്കു പുറമേ ബാറ്റിങ്ങിലും നിറംമങ്ങിയതാണ് രോഹിത്തിനു തിരിച്ചടിയാകുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകള്‍. അതായത് അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 6.2 ശരാശരിയില്‍ വെറും 31 റണ്‍സ് ! ടെസ്റ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത് വിരമിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും അഭിപ്രായപ്പെടുന്നു. രോഹിത്തിന്റെ അവസാന 16 ഇന്നിങ്സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3, 9 ! അവസാന 16 ഇന്നിങ്സുകളില്‍ രണ്ടക്കം കണ്ടിരിക്കുന്നത് വെറും അഞ്ച് തവണ മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :