സന്നാഹമത്സരത്തില്‍ ലങ്കയ്ക്ക് തോല്‍‌വി

ബ്രിജ്ഡ്ടൗണ്‍| WEBDUNIA|
ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹ മല്‍സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനല്‍ ടീമായ ശ്രീലങ്കയ്ക്ക് തോല്‍‌വി. അഞ്ചു വിക്കറ്റിനാണ് ലങ്കയെ തോല്‍പ്പിച്ചത്. ടോസ്‌ നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 137 റണ്‍സെടുത്തു.

മുന്‍‌നിര ഒന്നടങ്കം തകര്‍ന്ന മത്സരത്തില്‍ 35 പന്തില്‍ 61 റണ്‍സെടുത്ത്‌ പുറത്താവാതെ നിന്ന കപുഗേദരയാണ്‌ ലങ്കയ്ക്ക് മാന്യമായ സ്കോര്‍ നേടിക്കൊടുത്തത്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ജയസൂര്യ 33 റണ്‍സെടുത്തു. ക്ലെയ്ന്‍ വെല്‍റ്റ്, ലാംഗ്‌ വെല്‍റ്റ്, മോര്‍ക്കല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ പിന്നോട്ടുപോയെങ്കിലും ഇരുപതാം ഓവറില്‍ ലക്‍ഷ്യം കണ്ടെത്തുകയായിരുന്നു. 33 റണ്‍സെടുത്ത ബൗച്ചറാണ്‌ ടോപ്‌ സ്കോറര്‍. ബോത (29), ബോസ്മാന്‍(20) ഗിബ്സ്(26), ഡിവില്ലേഴ്സ്(21) റണ്‍സെടുത്തു.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ ബംഗ്ലാദേശിനെ ഏഴ്‌ വിക്കറ്റിന്‌ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലാദേശ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 49 പന്തില്‍ 62 റണ്‍സെടുത്ത ബൊപ്പാരയുടെ മികവില്‍ ഇംഗ്ലണ്ട്‌ പതിനെട്ട് ഒവറില്‍ ലക്‍ഷ്യം മറികടന്നു. കോളിങ്ങ്‌വുഡ്‌ 32 റണ്‍സെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :