ശ്രീലങ്ക കലാപ ഭീതിയില്‍

കൊളംബോ| WEBDUNIA| Last Modified ബുധന്‍, 27 ജനുവരി 2010 (11:34 IST)
PRO
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കലാപഭീ‍തിയില്‍. ഭരണ, പ്രതിപക്ഷ കക്ഷികള്‍ പരസ്യമായ ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രജ്പക്സെയുടെ എതിര്‍സ്ഥാനാര്‍ത്ഥി ശരത് ഫൊന്‍സെങ്ക താമസിക്കുന്ന മധ്യ കൊളംബോയിലെ ആഡംബര ഹോട്ടല്‍ ലങ്കന്‍ സൈന്യം വളഞ്ഞുകഴിഞ്ഞു. മുന്‍ സൈനിക മേധാവിയായ ഫൊന്‍സെങ്കയ്ക്കൊപ്പം സൈന്യത്തില്‍ നിന്നും ഒളിച്ചോടിയ നാനൂറോളം പേര്‍ ഹോട്ടലില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി.

ഫൊന്‍സെങ്കയ്ക്കൊപ്പമുള്ളവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നും ഫൊന്‍സെങ്കയെ പിടികൂടാ‍നോ മറ്റോ ഉന്നമിട്ടല്ല നടപടിയെന്നും ലങ്കന്‍ സൈനിക വക്താ‍വ് ബ്രിഗേഡിയര്‍ ഉദയ നനയക്കാര വ്യക്തമാക്കി. ഫൊന്‍സെങ്കയ്ക്കൊപ്പമുള്ളവര്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കാന്‍ വന്നവരാണോയെന്ന് അറിയില്ലെന്നും നനയക്കാര വിശദീകരിച്ചു. ആദ്യഫലങ്ങളില്‍ രജ്പക്സെ മുന്നിട്ടുനില്‍ക്കുന്നുവെന്ന് ഉറപ്പായശേഷമാണ് സൈന്യത്തിന്‍റെ നടപടി.

എന്നാല്‍ തങ്ങളെ ഭീഷണിപ്പെടുത്താനും നേതാക്കളെ അറസ്റ്റ് ചെയ്യാനും സൈന്യത്തിന് പദ്ധതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. രജ്പക്സെയുടെ വിജയത്തിനെതിരെ ഫൊന്‍സെങ്ക ഗൂഡപദ്ധതി തയ്യാറാക്കുന്നതായി നേരത്തെ ലങ്കന്‍ ടെലിവിഷന്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

പാര്‍ട്ടി അണികളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനും രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റുമുട്ടല്‍ സാധ്യതയുള്ള മേഖലകളിലെല്ലാം സൈനികരെ വിന്യസിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :