സച്ചിന്‍ മികച്ച കളിക്കാരന്‍; നായകനല്ല?

മുംബൈ| WEBDUNIA|
PRO
PRO
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജനപ്രിയ കളിക്കാരനാണെങ്കിലും മികച്ച നായകനല്ലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും നായകനില്‍ നിന്നുണ്ടായ ചില പോരായ്മകളാണ് കിരീടം നഷ്ടപ്പെടുത്തിയതെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു.

ആദ്യ രണ്ട് ഐ പി എല്‍ ടൂര്‍ണമെന്റുകളിലും സച്ചിന്റെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് വന്‍ പരാജയമായിരുന്നു. ആദ്യ രണ്ട് സീസണിലും സച്ചിന്റെ ബാറ്റിംഗ് പരാജയമാണ് മുംബൈയെ പിന്നിലാക്കിയത്. എന്നാല്‍ മൂന്നാം സീസണില്‍ സച്ചിന്‍ മികച്ച ഫോമിലേക്ക് തിരിച്ചുവന്നത് കൊണ്ട് മാത്രമാണ് മുംബൈ ഫൈനല്‍ വരെ എത്തിയതെന്നും വിലയിരുത്തപ്പെടുന്നു.

ഭാഗ്യദോഷം എന്നും കൂടപ്പിറപ്പായ സച്ചിന്‍ ഇതിന് മുമ്പും നായകനായി വന്‍ പരാജയം ഏറ്റുവാങ്ങിയതാണ്. ഇന്ത്യന്‍ ടീമിന്റെ നായകനായി സ്ഥാനമേറ്റെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും വന്‍ പരാജയമായിരുന്നു. ബാറ്റിംഗില്‍ മികച്ച സ്ട്രോക്കുകള്‍ തെരഞ്ഞെടുക്കുന്ന സച്ചിന്‍ നായകസ്ഥാനത്ത് നിന്നെടുക്കുന്ന തീരുമാനങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. നായകസ്ഥാനം ഏറ്റെടുത്തതോടെ സച്ചിന്‍ പൂര്‍ണ പരാജയത്തിലായി. നായകതൊപ്പിയുമായി ഗ്രൌണ്ടിലെത്തുന്ന സച്ചിന്‍ ബാറ്റിംഗില്‍ പൂര്‍ണ പരാജയമായിരുന്നു.

പിന്നീട് നിരവധി തവണ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം വെച്ച് നീട്ടിയെങ്കിലും സച്ചിന്‍ പിന്‍‌മാറുകയായിരുന്നു. അതെ, ഏകദിനത്തിലും ടെസ്റ്റിലും റണ്‍സുകള്‍ വാരിക്കൂട്ടുന്ന സച്ചിന് മുന്നില്‍ നായകന്റെ സ്ഥാനം എന്നും ഒരു ചോദ്യചിഹ്നമായി തുടരുന്നു. ഐ പി എല്‍ ഫൈനലില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ പൊള്ളാര്‍ഡിനെ നേരത്തെ ഇറക്കാന്‍ മറന്നുപോയ സച്ചിനും മുംബൈ ഇന്ത്യന്‍സിനും നഷ്ടമായത് കിരീടമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :