ലങ്കന്‍ ചികിത്സ: ആരോഗ്യമന്ത്രാലയത്തിനും മുറുമുറുപ്പ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 10 ഏപ്രില്‍ 2010 (11:16 IST)
PRO
ക്രിക്കറ്റ് താരങ്ങളായ ഗൌതം ഗംഭീറും ആശിഷ് നെഹ്‌റയും ശ്രീലങ്കയില്‍ ആയൂര്‍വ്വേദ തേടിയതില്‍ ആരോഗ്യമന്ത്രാലയത്തിനും മുറുമുറുപ്പ്. ഐപി‌എല്ലിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഇരു താരങ്ങളും ആയൂര്‍വ്വേദ ചികിത്സയ്ക്കായി ലങ്കയെ ആശ്രയിച്ചത്. ഇന്ത്യയില്‍ ഇതേ ചികിത്സ ലഭ്യമാകുമായിരുന്നെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വാദം.

ഇത് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയത്തിലെ ആയൂര്‍വ്വേദ വിഭാഗം കായികമന്ത്രാലയത്തിന് കത്തും അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ കഴിയുന്ന കാര്യമായിരുന്നു ഇതെന്നും ഇവിടെ സൌകര്യമുള്ളപ്പോള്‍ താരങ്ങളെ വിദേശത്തേക്ക് അയയ്ക്കേണ്ടിയിരുന്നില്ലെന്നും കത്തില്‍ പറയുന്നു. കായികമന്ത്രാലയം സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.

ഐപി‌എല്ലിന്‍റെ ആദ്യഘട്ടത്തിലാണ് ഇരു താരങ്ങളും പരുക്കേറ്റ് ലങ്കയില്‍ ചികിത്സ തേടിയത്. ഡെല്‍‌ഹി ഡെയര്‍ഡെവിള്‍സിലെ സഹതാരവും ലങ്കന്‍ ടീമംഗവുമായ തിലകരത്ന ദില്‍‌ഷന്‍റെ ഉപദേശപ്രകാരമായിരുന്നു ഇത്. ലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപ്ക്സെയാണ് ഇരുവര്‍ക്കും ചികിത്സയ്ക്കായുള്ള സൌകര്യം ഏര്‍പ്പെടുത്തി നല്‍കിയത്.

രണ്ടാഴ്ചയോളം നീണ്ട ചികിത്സയ്ക്ക് ശേഷം ഇരുവരും പരുക്ക് ഭേദമായി മടങ്ങുകയും ചെയ്തു. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ ചികിത്സിച്ച ഡോക്ടര്‍ ആയിരുന്നു ഇരുവരെയും ചികിത്സിച്ചത്. ബിസിസിഐയുടെ മുന്‍‌കൂര്‍ അനുമതിയില്ലാതെയാണ് വിദേശ ചികിത്സ തേടിയതെന്ന് കാണിച്ച് ബിസിസിഐ ഇരുവര്‍ക്കും വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയവും ഇവരുടെ പ്രവര്‍ത്തിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :