ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ അതേ ടീം ഡിസംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റിലും ഇറങ്ങും. ഇന്ത്യന്‍ ടീമിന് തിരിച്ചടി നല്കി തോറ്റമ്പിയ സ്പിന്‍ പിച്ച് തന്നെ ഒരുക്കാനാണ് കൊല്‍ക്കത്തയിലും ഒരുക്കാനാണ് ധോണി ക്യുറേറ്റര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വന്തം മണ്ണില്‍ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ ടീമില്‍ മാറ്റം വരുത്താന്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി തയ്യാറായിരുന്നുവെങ്കിലും ഒരു കളിയുടെ വെളിച്ചത്തില്‍ മാറ്റമൊന്നും ഇപ്പോള്‍ വേണ്ടെന്ന് നായകന് ധോണി വാശിപിടിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം പുറത്തുവന്നത്.
പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനാണ് െസലക്ഷന്‍ കമ്മിറ്റി ഇന്നലെ ചേര്‍ന്നത്. എന്നാല്‍, ധോണി വാശിപിടിച്ചതോടെ മൂന്നാം ടെസ്റ്റിനുള്ള ടീം മാത്രമായി പ്രഖ്യാപിച്ച് സന്ദീപ് പാട്ടീല്‍ ഒത്തുതീര്‍പ്പിന് വഴങ്ങുകയായിരുന്നു.
പേസര്‍ ഉമേഷ് യാദവിനുപകരം ധിന്ദയെ ടീമില്‍ അംഗമാക്കിയതാണ് ടീമില്‍ വന്ന ഒരേ ഒരു മാറ്റം. കൃഷ്ണമാചാരി ശ്രീകാന്തിനുപകരം സന്ദീപ് പാട്ടീല്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിട്ടും ധോണിയുടെ പിടിവാശി തന്നെയാണ് അംഗീകരിക്കപ്പെടുന്നത്.