ടെസ്റ്റ് ക്രിക്കറ്റ് രാത്രിയും കളിക്കാം‍; ബോളിനും നിറം‌മാറ്റം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഏകദിനത്തിനും ട്വന്റി20യ്ക്കും പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലും പകല്‍-രാത്രി മത്സരങ്ങള്‍ വരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇതിന് അംഗീകാരം നല്‍കി. പകല്‍-രാത്രി മത്സരമാകുമ്പോള്‍ ചുവന്ന പന്തിന് പകരം മറ്റ് നിറങ്ങള്‍ പരിഗണിക്കാനും തീരുമാനമായി.

ടെസ്റ്റ് മത്സരത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനാണ് ഈ പരിഷ്കാരണങ്ങള്‍. ഒരു ദിവസത്തെ കളിയുടെ ദൈര്‍ഘ്യം പതിവ് പോലെ ആറ് മണിക്കൂര്‍ തന്നെയായിരിക്കും. എന്നാല്‍ കളി എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിപ്പിക്കണമെന്ന് പങ്കെടുക്കുന്ന ടീമുകള്‍ക്ക് തീരുമാനിക്കാം. രാത്രി കളിക്കുമ്പോള്‍ ചുവന്ന പന്ത് ദൃശ്യമാകില്ലെന്ന വാദം നിലവിലുണ്ട്. അതിനാലാണ് നിറമുള്ള പന്തുകള്‍ പരിഗണിക്കുന്നത്. കളിയുടെ സമയം, പന്തിന്റെ നിറം എന്നിവ സംബന്ധിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് തീരുമാനമെടുക്കാം എന്ന് ഐസിസി വ്യക്തമാക്കി.

ടെസ്റ്റ് മത്സരങ്ങള്‍ക്കിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം അരമണിക്കൂര്‍ വീതമാക്കിയിട്ടുണ്ട്. ഏകദിന മത്സരങ്ങളില്‍ മൂന്നു പവര്‍പ്ലേ എന്ന സമ്പ്രദായം ഇനിമുതല്‍ ഉണ്ടാകില്ല. പകരം 10 ഓവര്‍ ഉള്‍പ്പെടുന്ന ആദ്യ പവര്‍പ്ലേയും അഞ്ച് ഓവര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ പവര്‍പ്ലേയും മാത്രമായിരിക്കും ഉണ്ടാവുക.

ടെസ്റ്റ് ക്രിക്കറ്റിലെ പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :