എണ്ണമറ്റ റെക്കോര്‍ഡുകളോടൊപ്പം സച്ചിന്റെ പേരില്‍ രണ്ടു യാദൃശ്ചികതകളുമുണ്ട്. 2012ല്‍ സച്ചിന് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നു പ്രവചിച്ചതും സെലക്ടര്‍മാരോട് വിരമിക്കലിനെപ്പറ്റി സംസാരിക്കാന്‍ സമയമായെന്നു പ്രഖ്യാപിച്ചതും ഇന്ത്യന്‍ടീമിന്റെ രണ്ട് മുന്‍ക്യാപ്റ്റന്‍മാര്‍ തന്നെയാണ്.
ജനുവരി ഒന്നിന് സിഡ്നിയില്‍ സെഞ്ചുറി നേടുമെന്ന് ആശംസിച്ച് ശുഭവര്‍ഷം നേര്‍ന്നത് കൊല്‍ക്കത്ത ദാദ ഗാംഗുലിയാണ്. വര്ഷാന്ത്യമായപ്പോള് സച്ചിന്റെ വിരമിക്കലിനായി മുന്‍ നിരയില്‍ നിന്നത് കപിലും ഗവാസ്കറുമാണ്.
സച്ചിന് സിഡ്നിയില്‍ തകര്‍ക്കും
കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ ആദ്യഇന്നിംഗ്സില്‍ 73 റണ്‍സെടുത്ത് സച്ചിന് ടീംഇന്ത്യയുടെ ടോപ് സ്കോററായി. 32 റണ്‍സ് എടുത്ത സച്ചിനായിരുന്നു രണ്ടാം ഇന്നിംഗ്സിലും ടോപ് സ്കോറര്‍.
ജനുവരി ഒന്നിന് ഗാംഗുലി പറഞ്ഞു. ‘സച്ചിന് ഇപ്പോഴും മികച്ച ഫോമിലാണ്. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ പ്രകടനം കൊണ്ടു ഇക്കാര്യം മനസിലാകും. നൂറാം സെഞ്ച്വറിയുടെ സമ്മര്‍ദ്ദവുമായാണ് സച്ചിന് ഇപ്പോള്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. അടുത്ത ടെസ്റ്റില്‍ സച്ചിന് മികച്ച പ്രകടനം നടത്തും. തന്റെ പ്രിയ ഗ്രൌണ്ടായ സിഡ്നിയില്‍ സെഞ്ചുറി നേടും‘