ധോണിയുമായുള്ള പ്രശ്നങ്ങള്‍ സെവാഗിന് വിനയായി, ആരെയും കൂസാത്ത താരത്തിന്‍റെ വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

സ്റ്റീവ് റോണ്‍| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (16:53 IST)
തന്‍റെ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും പറയും. അത് ധോണിയോടായാലും ഗാംഗുലിയോടായാലും സച്ചിനോടായാലും. വീരേന്ദര്‍ സെവാഗിന്‍റെ ഏറ്റവും വലിയ ഗുണവും ഒരു പരിധിവരെ ദോഷവും അതുതന്നെയായിരുന്നു. ഈ വെട്ടിത്തുറന്നുള്ള പറച്ചില്‍ കൊണ്ട് കൂടുതല്‍ പേരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടപ്പോള്‍ ചിലരുടെ കണ്ണിലെ കരടായി മാറാനും ഇത് കാരണമായി. സെവാഗ് വിരമിക്കാന്‍ സമയമായോ? രഞ്ജി ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ ഫോം നോക്കിയാല്‍ ‘ഇല്ല’ എന്ന് ആരും നിസംശയം പറയും.
 
ഏകദിനത്തിലും ടെസ്റ്റിലും എണ്ണായിരത്തിലധികം റണ്‍സ് നേടിയ പ്രതിഭയാണ് സെവാഗ്. ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെയും നേടിയ ട്രിപ്പിള്‍ സെഞ്ച്വറികള്‍ ഓര്‍ക്കുക. ഏകദിനത്തിലെ ആ ഡബിള്‍ സെഞ്ച്വറി ഓര്‍ക്കുക. സച്ചിനോ ഗാംഗുലിയോ വീഴുമ്പോഴല്ല, സെവാഗിന്‍റെ വിക്കറ്റ് തെറിക്കുമ്പോഴായിരുന്നു എതിരാളികള്‍ ആഹ്ലാദം കൊണ്ട് മതിമറന്നിരുന്നത്. കാരണം, ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ സെവാഗായിരുന്നു.
 
നേരിടുന്ന ആദ്യ പന്തുതന്നെ ബൌണ്ടറി പായിക്കണമെന്ന് വാശിയുള്ളതുപോലെ തോന്നും സെവാഗിന്‍റെ ബാറ്റിംഗ് കണ്ടാല്‍. ഏകദിനത്തില്‍ എതിര്‍ടീമുയര്‍ത്തുന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് പെട്ടെന്ന് കരകയറാന്‍ ആദ്യ ഓവറുകളില്‍ സെവാഗ് നേടുന്ന ബൌണ്ടറികളും സിക്സറുകളും അനുഗ്രഹമായി. ഏത് ബൌളര്‍ വന്നാലും, പേസോ സ്പിന്നോ എന്തുമാകട്ടെ, സെവാഗ് ക്രീസിലുണ്ടെങ്കില്‍ കടുത്ത ശിക്ഷ വാങ്ങിയിരിക്കുമെന്നുറപ്പാണ്. സച്ചിനും സേവാഗും ഓപ്പണ്‍ ചെയ്യുമ്പോള്‍ എതിര്‍ ടീമുകള്‍ എരിപൊരി സഞ്ചാരത്തിലായിരിക്കും. സച്ചിനെ ഒരു പരിധി വരെ നിയന്ത്രിക്കാം, സെവാഗിനെ എങ്ങനെ നേരിടുമെന്നതായിരുന്നു അവരുടെ പ്രശ്നം. ഭയം കൂടാതെ ഏത് ബൌളറെയും നേരിടുന്ന താരമായിരുന്നു സെവാഗ്. സച്ചിനൊപ്പം ഒരറ്റത്ത് സെവാഗ് നില്‍ക്കുമ്പോള്‍ ഏത് വലിയ സ്കോറും ഇന്ത്യന്‍ ടീമിന് അപ്രാപ്യമായിരുന്നില്ല. 
 
സെവാഗിന്‍റെ അപ്പര്‍ കട്ടുകള്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പല ഇന്നിംഗ്സുകളും സെവാഗില്‍ നിന്നുണ്ടായി. എന്നാല്‍, സാങ്കേതികമായി സെവാഗ് ഒരു മികച്ച കളിക്കാരനായിരുന്നില്ല. ഫുട്‌വര്‍ക്കുകളില്‍ ഏറ്റവും പിന്നിലായിരുന്നു. ഉജ്ജ്വലമായ കാഴ്ചശക്തിയായിരുന്നു സേവാഗിനെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ പ്രാപ്തനാക്കിയത്. ഏത് പേസ് ബൌളറെയും നേരിടാന്‍ തുണച്ചതും കാഴ്ചശക്തിയായിരുന്നു. 

അടുത്ത പേജില്‍ - ധോണിയുമായി യുദ്ധം തുടങ്ങുന്നു!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :