ധോണിയുമായുള്ള പ്രശ്നങ്ങള്‍ സെവാഗിന് വിനയായി, ആരെയും കൂസാത്ത താരത്തിന്‍റെ വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

സ്റ്റീവ് റോണ്‍| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (16:53 IST)
വളരെ ഷാര്‍പ്പായ തലച്ചോറായിരുന്നു സെവാഗിന്. ടീം മീറ്റിംഗുകളിലെല്ലാം അത് പ്രകടമായിരുന്നു. പലപ്പോഴും സെവാഗ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഗാംഗുലിയും ദ്രാവിഡും സച്ചിനുമെല്ലാം ടീമിനെ നയിക്കുന്ന വേളയില്‍ സേവാഗിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാറുണ്ടായിരുന്നു. സേവാഗിന്‍റെ പല തന്ത്രങ്ങളും ടീമിനെ ജയിപ്പിക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ ധോണിയുമായി അങ്ങനെയൊരു ബന്ധം നിലനിര്‍ത്താന്‍ സെവാഗിന് കഴിഞ്ഞില്ല. ധോണിയുടെ ലോകകപ്പ് നേടിയ ടീമില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു സെവാഗ്. അതിനുശേഷം ധോണിയുമായി സെവാഗ് തെറ്റി. ടീം സെലക്ഷന്‍റെ കാര്യത്തിലും ബാറ്റിംഗ് ഓര്‍ഡറിന്‍റെ കാര്യത്തിലും സെവാഗിന്‍റെ അഭിപ്രായങ്ങള്‍ മാനിക്കപ്പെട്ടില്ലെന്ന് അണിയറ സംസാരമുണ്ട്.
 
പിന്നീട് ഫോം നഷ്ടമായതും പരുക്കും ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമായി. കാഴ്ചശക്തിയും കുറഞ്ഞു. ഐ പി എല്ലില്‍ കണ്ണട ഉപയോഗിച്ചായിരുന്നു പലപ്പോഴും സെവാഗ് ബാറ്റിംഗിനിറങ്ങിയത്. ബാറ്റിംഗിന്‍റെ താളം കണ്ടെത്താന്‍ സെവാഗിന് കഴിഞ്ഞില്ല. ഇടയ്ക്കൊക്കെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ഒരിക്കലും പഴയ സെവാഗാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. യുവതാരങ്ങളുടെ കടന്നുവരവും സെവാഗിന്‍റെ മടങ്ങിവരവിന് വിഘാതമായി. സെവാഗിനെ പരിഗണിക്കേണ്ടിയിരുന്ന പല പരമ്പരകളിലും അദ്ദേഹത്തെ പരിഗണിക്കാതെ പോകുന്ന കാഴ്ചയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷിയായി.
 
തനിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനോ എത്തിയാല്‍ തന്നെ പഴയവീര്യത്തോടെ കളിക്കാനോ കഴിയില്ലെന്ന് സേവാഗ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. 37 വയസ് തികഞ്ഞിരിക്കുന്നു. ടീമില്‍ ധോണിയുടെ കാര്യം തന്നെ പരുങ്ങലിലായിരിക്കുന്നു. പഴയ പടക്കുതിരകളെ ഉള്‍ക്കൊണ്ടുപോകണമെന്ന അഭിപ്രായം ടീമിലെ മറ്റൊരു വന്‍‌ശക്തിയായ കോഹ്‌ലിക്ക് തീരെയില്ല. ഇതെല്ലാം വിരമിക്കല്‍ തീരുമാനത്തിലേക്ക് സെവാഗിനെ എത്തിക്കുകയായിരുന്നു. 
 
സേവാഗും സഹീര്‍ഖാനുമൊക്കെ ഈ രീതിയിലാണോ വിരമിക്കേണ്ടത് എന്നത് ക്രിക്കറ്റ് പ്രേമികള്‍ ഉയര്‍ത്തുന്ന വലിയ ചോദ്യമാണ്. സച്ചിന് വിരമിക്കാനുള്ള സാഹചര്യമൊരുക്കിയതുപോലെ മാന്യമായ ഒരവസരം സേവാഗിനും സഹീറിനും നല്‍കേണ്ടിയിരുന്നു. ഗംഭീറിന്‍റെയും യുവരാജിന്‍റെയുമൊക്കെ കാര്യത്തിലെങ്കിലും ഉചിതമായ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :