രേണുക വേണു|
Last Modified വെള്ളി, 3 ഡിസംബര്‍ 2021 (13:55 IST)
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ കൂടുതല്‍ ഫലപ്രദം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). നിലവില്‍ ലഭ്യമായ വാക്‌സിനുകളില്‍ ഒമിക്രോണിനെതിരെ പ്രവര്‍ത്തിക്കാന്‍ കൊവാക്‌സിന് സാധിക്കുമെന്നാണ് ഐസിഎംആര്‍ അധികൃതര്‍ പറയുന്നത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെയും കൊവാക്‌സിന്‍ ഫലപ്രദമാണെന്നും ഇവര്‍ പറയുന്നു.
അതേസമയം, ഒരിക്കല്‍ കോവിഡ് വന്നു ഭേദമായവരില്‍ ഒമിക്രോണ്‍ വകഭേദം വീണ്ടും വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളേക്കാള്‍ റീ-ഇന്‍ഫെക്ഷന്‍ റേറ്റ് ഒമിക്രോണിന് കൂടുതല്‍ ആണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.