ദൃശ്യം തല്‍ക്കാലമില്ല, എന്നാല്‍ സസ്‌പെക്ട് എക്സ് ഹിന്ദി പറയും!

ദൃശ്യം, ജീത്തു ജോസഫ്, മോഹന്‍ലാല്‍, സെയ്ഫ്, ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (16:15 IST)
മലയാള സിനിമയിലെ മഹാവിജയമായ 'ദൃശ്യം' ഒട്ടേറെ കോപ്പിയടി വിവാദങ്ങളെ അതിജീവിച്ച ഒരു ചിത്രമാണ്. കീഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് നോവലിസ്റ്റിന്‍റെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' എന്ന ത്രില്ലര്‍ നോവലിന്‍റെ കോപ്പിയാണ് ദൃശ്യം എന്നൊരു ആരോപണം സജീവമായിരുന്നു. എന്നാല്‍ ആ ആരോപണം സംവിധായകന്‍ ജീത്തു ജോസഫ് തള്ളിക്കളഞ്ഞതാണ്.

ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും 'ദൃശ്യം' റീമേക്ക് ചെയ്യുന്ന സമയമാണ്. തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇതിനിടെ വന്നുകഴിഞ്ഞു. 'പാപനാശം' എന്ന പേരില്‍ കമല്‍ഹാസന്‍ നായകനാകുന്ന തമിഴ് റീമേക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതുവരെ ദൃശ്യം ഹിന്ദി റീമേക്കിന് തുടക്കം കുറിച്ചിട്ടില്ല.

ദൃശ്യം വന്നില്ലെങ്കിലും 'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' ഹിന്ദിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് 'കഹാനി'യുടെ സംവിധായകന്‍ സുജോയ് ഘോഷ് ആണ്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ നായകന്‍. ഏക്താ കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥാസാരം ഇതാണ് - യസുകോ ഹനകോവ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. ഏകമകള്‍ മിസാട്ടോയുമുണ്ട് അവള്‍ക്കൊപ്പം. ഒരു ദിവസം യസുകോയുടെ ഭര്‍ത്താവ് തൊഗാഷി അവരുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിനിടെ തൊഗാഷി മരിക്കുന്നു. അമ്മയും മകളും പരിഭ്രാന്തരാകുന്നു. അയല്‍ക്കാരനായ മധ്യവസ്കന്‍ ഇഷിഗാമി ഈ സമയം അവിടെയെത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ മാത്രമല്ല, കൊലപാതകത്തിന്‍റെ ലക്ഷണങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗണിതാധ്യാപകനായ ഇഷിഗാമി ഗണിത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ക്രൈം കവറപ്പ് ചെയ്യുന്നത്. ഈ നോവല്‍ ജാപ്പനീസ് ഭാഷയില്‍ സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :