അല്ലു അര്‍ജുന്റെ അറസ്റ്റ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്: ഹൈദരാബാദില്‍ വന്‍ സുരക്ഷ

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (14:43 IST)
പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളെന്ന് റിപ്പോര്‍ട്ട്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട് പള്ളി പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ നടനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.


ഭാരതീയ ന്യായ സംഹിത 105( കുറ്റകരമായ നരഹത്യ), 118-1 മനപൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അല്ലി അര്‍ജുനെതിരെ ചുമത്തിയത്. സന്ധ്യാ തിയേറ്ററിലെ തിയേറ്റര്‍ മാനേജ്‌മെന്റ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇത് കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഹൈദരാബാദില്‍ ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ നാലിന് പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് സ്വദേശി രേവതി(39) മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ എത്തുമെന്ന വിവരം എത്തിയതോടെയാണ് അനിയന്ത്രിതമായ രീതിയില്‍ ആള്‍ക്കൂട്ടമെത്തിയത്. നടന്റെ അംഗരക്ഷകര്‍ സ്ഥിതി വഷളാക്കിയെന്നും തിയേറ്റര്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചില്ലെന്നും പോലീസ് പറയുന്നു. ഇതോടെയാണ് നടനെതിരെ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :