ഷൂട്ടിന് താമസിച്ചെത്തി, ക്യാമറയ്ക്ക് മുന്നിൽ നിന്നുറങ്ങി; ഇനി മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യില്ലെന്ന് ജോഷി

മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കില്ലെന്ന് സംവിധായകൻ ജോഷി

aparna shaji| Last Modified ശനി, 20 ഓഗസ്റ്റ് 2016 (16:51 IST)
പ്രേം നസീര്‍, മധു, ജയന്‍, സോമന്‍ എന്നീ മികച്ച നടന്മാരെ വെച്ച് സിനിമയെടുത്തിരുന്ന കാലത്താണ് സംഭവം. അന്ന് മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നതേ ഉള്ളു. മമ്മൂട്ടിയെ നായകനാക്കി ചെയ്യണം എന്ന നിർമാതാവ് ജോയ് തോമസിന്റെ ആഗ്രഹ പ്രകാരം ജോഷി മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാൻ തയ്യാറായി. ആ രാത്രി എന്നായിരുന്നു സിനിമയുടെ പേര്. ജോയ് തോമസിന്റെ ആഗ്രഹ പ്രകാരമായിരുന്നു ജോഷി ആ ചിത്രത്തിന് തയ്യാറായതു തന്നെ.

എന്നാൽ, തിരക്കഥ പൂർത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനായപ്പോഴേക്കും മമ്മൂട്ടിയ്ക്ക് കുറച്ച് തിരക്കൊക്കെ ആയി തുടങ്ങി. രാവിലെ ഒരു സിനിമ, ഉച്ചയ്ക്ക് ഒരു സിനിമ, രാത്രി ഒരു സിനിമ എന്നിങ്ങനെയായിരുന്നു മമ്മൂട്ടിയുടെ റൊട്ടീൻ എന്നു വണേൽ പറയാം. തിരക്കിനനുസരിച്ച അങ്ങനെ ഡേറ്റ് നൽകാനായിരുന്നു കഴിഞ്ഞുള്ളു എന്നതാണ് സത്യം. ഇതിനിടയിലായിരുന്നു ജോഷിയും മമ്മൂട്ടിയും ഒന്നിക്കുന്ന ആ രാത്രിയെന്ന ചിത്രത്തിന്റേയും ഷൂട്ടിങ്.

ഒരു ദിവസം ഷൂട്ടിങ് ആരംഭിക്കുന്നതിന് മമ്മൂട്ടിക്കായി സെറ്റ് മുഴുവൻ കാത്തു നിന്നു. പറഞ്ഞ സമയവും കഴിഞ്ഞ് ഒന്നരമണിക്കൂർ താമസിച്ചാണ് മമ്മൂട്ടി അന്ന് സെറ്റിലെത്തിയത്. ജോഷിയടക്കം എല്ലാവരും കുറേ സമയം കാത്തു നിന്നു. ഒടുവിൽ മമ്മൂട്ടി എത്തിയപ്പോൾ നേരെ പോയത് മേക്കപ് ഇടാനായിരുന്നു. എന്നാൽ ക്ഷീണം കാരണം അവിടിരുന്ന് ഉറങ്ങിപ്പോയി. വിളിച്ചിട്ടും എഴുന്നേറ്റില്ല. ഒടുവിൽ എഴുന്നേറ്റ് ക്യാമറക്ക് മുന്നിൽ എത്തിയെങ്കിലും മമ്മൂട്ടി അപ്പോഴും ഉറങ്ങുകയായിരുന്നു.

ഇതിൽ കലികയറിയ ജോഷി പാക്ക് അപ് പറയുകയും മമ്മൂട്ടിയെ വെച്ച് ഇനിയൊരിക്കലും സിനിമയെടുക്കില്ലെന്നും വരെ പറഞ്ഞത്രെ. എന്നാൽ തെറ്റ് മനസ്സിലായ മമ്മൂട്ടി, ജോഷിയെ കണ്ട് മാപ്പ് പറയുകയും അതോടെ ജോഷിയുടെ മനസ്സലിയുകയുമായിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും അതിനു ശേഷം ഇരുവരും നിരവധി ചിത്രങ്ങൾക്കായ് ഒന്നിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :