അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (12:42 IST)
വിഷുചിത്രങ്ങളില്‍ ചാമ്പ്യനായി ബോക്‌സോഫീസ് കീഴടക്കി ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം. ആദ്യ ദിനത്തില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ഓപ്പണിംഗ് കളക്ഷനിട്ട സിനിമ രണ്ടാം ദിവസത്തിലും മികച്ച പ്രകടനമാണ് ബോക്‌സോഫീസില്‍ നടത്തിയത്. വിഷുത്തലേക്ക് മൂന്നാം ദിനത്തോടെ 10 കോടി രൂപ സിനിമ സ്വന്തമാക്കി കഴിഞ്ഞു.
ആദ്യദിനത്തില്‍ 3.65 കോടിയും രണ്ടാം ദിനത്തില്‍ 3.35 കോടിയും മൂന്നാം ദിനത്തില്‍ 4.35 കോടിയുമാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതോടെ 11.35 കോടി രൂപ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും സിനിമ സ്വന്തമാക്കി. പിവിആറുമായുള്ള പ്രശ്‌നം പരിഹരിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ ഉയരുമെന്ന് ഉറപ്പാണ്. പുഷ്പ എന്ന സിനിമയ്ക്ക് ശേഷം ആന്ധ്രാ തെലങ്കാനയില്‍ വലിയ ആരാധക പിന്തുണ ഫഹദിനുണ്ട്. ഇതും വരും ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ പ്രതിഫലിക്കും.
ജിത്തുമാധവന്‍ സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ കോമഡി സിനിമയില്‍ രംഗ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ഫഹദ് ഫാസില്‍ ഫാക്ടര്‍ തന്നെയാണ് തിയേറ്ററുകളെ ചൂട് പിടിപ്പിക്കുന്നത്. ഫഹദിന് പുറമെ പ്രമുഖ മലയാളി ഗെയിമറായ ഹിപ്സ്റ്റര്‍,മിഥുന്‍ ജെ എസ്,സജിന്‍ ഗോപു,റോഷന്‍,ആശിഷ് വിദ്യാര്‍ഥി,ശ്രീജിത്ത് നായര്‍,തങ്കം മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സമീര്‍ താഹിറും സംഗീതം സുഷിന്‍ ശ്യാമുമാണ്.