മലയാള സിനിമയുടെ രക്ഷകനായി എം എ യൂസഫലിയുടെ ഇടപെടൽ, പിവിആർ തർക്കത്തിന് പരിഹാരം

PVR Yusaf Ali
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (09:29 IST)
Yusaf Ali
കഴിഞ്ഞ 2 ദിവസങ്ങളായി മലയാള സിനിമകള്‍ക്ക് വലിയ ആഘാതമേല്‍പ്പിച്ച സംഭവമായിരുന്നു മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആറുമായുണ്ടായ തര്‍ക്കം. ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാള സിനിമാ നിര്‍മാതാക്കള്‍ സ്വന്തമായി മസ്റ്ററിംഗ് സംവിധാനം തുടങ്ങിയതോടെ മലയാള സിനിമകള്‍ പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പിവിആര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം,ആടുജീവിതം തുടങ്ങി പുതിയ സിനിമകള്‍ പ്രതിസന്ധിയിലായിരുന്നു.

തര്‍ക്കം നീണ്ടുപോകുമെന്ന സൂചനകളാണ് ലഭിച്ചിരുന്നതെങ്കിലും ഒടുവില്‍ പിവിആറുമായി മലയാള നിര്‍മാതാക്കള്‍ ഒത്തുതീര്‍പ്പിലെത്തി. മലയാളിയും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ മധ്യസ്ഥതയിലായിരുന്നു പിവിആറുമായുള്ള ചര്‍ച്ച. ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പിവിആര്‍ സമ്മതം അറിയിച്ചു. കൊച്ചിയിലെയും കോഴിക്കോടിലെയും ഓരോ സ്‌ക്രീന്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് ധാരണ. ഫെസ്റ്റിവല്‍ സമയത്ത് റിലീസ് ചെയ്ത സിനിമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.

യൂസഫലി പിവിആറിന്റെ ടോപ് മാനേജ്‌മെന്റിനോട് നേരിട്ട് സംസാരിക്കുകയും മലയാളിയെന്ന നിലയില്‍ വിഷുസമയത്ത് തന്റെ പ്രോപ്പര്‍ട്ടികളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു. നിര്‍മാതാക്കളേക്കാള്‍ ഫലപ്രദമായിരുന്നു യൂസഫലിയുടെ ഇടപെടലെന്നും മലയാള സിനിമകള്‍ക്ക് ഇന്ത്യയാകെ സ്‌ക്രീനുകള്‍ ലഭിക്കാന്‍ ഇത് സഹായകമായെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :