ഭരതന്‍റെ ഓര്‍മ്മയ്ക്കായി....

WEBDUNIA|
ലോറിയിലൂടെ ഭരതന്‍ അവതരിപ്പിച്ച പുതുമുഖമാണ് പിന്നീടു ശ്രദ്ധേയനായ അച്ചന്‍കുഞ്ഞ്. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു.

നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ്മേനോന്‍, തകരയിലൂടെ സുരേഖ, പ്രതാപ് പോത്തന്‍, കെ.ജി. മേനോന്‍, രതിനിര്‍വേദത്തിലൂടെ കൃഷ്ണചന്ദ്രന്‍, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലമ്പിലൂടെ ബാബു ആന്‍റണി, വൈശാലിയിലൂടെ സഞ്ജയ്, സുപര്‍ണ, ഓര്‍മ്മയ്ക്കായിയിലൂടെ നടന്‍ രാമു, താഴ്വാരത്തിലൂടെ സലീം ഗൗസ്, പാര്‍വതിയിലൂടെ തമിഴ് നടി ലത, നീലക്കുറഞ്ഞി പൂത്തപ്പോളിലൂടെ ഹിന്ദി നടന്‍ ഗിരീഷ് കര്‍ണാഡ്, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തില്‍കൊണ്ടു വന്നതു ഭരതനാണ്.

ഒഴിവുകാലം എന്ന ചിത്രത്തില്‍ പുത്രി ശ്രീക്കുട്ടിയേയും ഭരതന്‍ അഭിനയിപ്പിച്ചു.

കലാസംവിധായകനായിരുന്നപ്പോള്‍ മുതലേ ലളിതയ്ക്കു ഭരതനെ പരിചയമുണ്ട്. പിന്നീടൊരിക്കല്‍ നല്ലിയാമ്പതിയില്‍ ഭരതന്‍റെ ചിത്രത്തിലഭിനയിക്കാനെത്തിയ ലളിതയോടു ഭരതന്‍ ചോദിച്ചു: നമ്മളെ ചേര്‍ത്ത് എല്ലാരും കഥ മെനയുന്നു എന്നാല്‍ പിന്നെ നമുക്കങ്ങു പ്രേമിച്ചാലോ? എങ്കിലും ആ ബന്ധം കുടുംബക്കാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചു തന്നെയാണു നടന്നത്. അങ്ങനെ ലളിത ഭരതന്‍റെ ജീവിതസഖിയായി.

പ്രയാണത്തിന്‍റെ തമിഴ് പതിപ്പായ സാവിത്രയിലൂടെ സംവിധായകനെന്ന നിലയില്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, മലയാളത്തിലെ വിജയം ആവര്‍ത്തിക്കാനായില്ല. പിന്നീടു വര്‍ഷങ്ങള്‍ക്കുശേഷം തകരയ്ക്കു ഭരതന്‍ നല്‍കിയ തമിഴ് മൊഴിമാറ്റം -ആവാരം പൂ- ആണ് ഭരതനെ തമിഴില്‍ ശ്രദ്ധേയനാക്കിയത്. കമല്‍ഹാസനുമായി ചേര്‍ന്ന ചെയ്ത തേവര്‍ മകന്‍ ഭരതനിലെ സംവിധായകന് പൊന്‍തൂവലായി.

തുടര്‍ന്ന് തെലുങ്കിലും ദേവരാഗം, മഞ്ജീരധ്വനി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ അവസാനം സംവിധാനം ചെയ്ത ചുരം കലാപരമായി മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തികവിജയം നേടിയില്ല.

ചിത്രകാരനെന്ന പോലെ നല്ലൊരു സംഗീതജ്ഞനുമായിരുന്നു ഭരതന്‍. ഈണം എന്ന സ്വന്തം ചിത്രത്തിനാണ് ഭരതന്‍ ആദ്യമായി സംഗീതം പകര്‍ന്നത്. തുടര്‍ന്ന് കാതോടുകാതോരത്തിലൂടെ വയലിനിസ്റ്റായിരുന്ന ഔസേപ്പച്ചനുമായി ചേര്‍ന്നു പാട്ടുകള്‍ ചിട്ടപ്പെടുത്തി. ചിലമ്പി തുടങ്ങി കുറെ ചിത്രങ്ങള്‍ക്ക് ഈ കൂട്ടുകെട്ട് ഈണം നല്‍കി. സംഗീതസംവിധായകന്‍ ജോണ്‍സണെ പരിചയപ്പെടുത്തിയതും ഭരതന്‍ തന്നെ.

മലയാള സാഹിത്യത്തില്‍ ഒരു ജനകീയ പ്രസ്ഥാനത്തിനു തുടക്കമിട്ട കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുക എന്ന സ്വപ്നം അവശേഷപ്പിച്ചുകൊണ്ട് ഭരതനെന്ന അപൂര്‍വ പ്രതിഭ വിടപറഞ്ഞു. പക്ഷേ നമ്മുടെ മനസില്‍ ആ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇനിയും കെടില്ല. കാരണം അമരത്വം നേടിയ ഭരതന്‍ ചിത്രങ്ങളും, ഭരതന്‍ സിനിമാവേദിക്കു സമ്മാനിച്ച ഒരു പറ്റം കഴിവുറ്റ സിനിമാക്കാരും ഇവിടെയുണ്ട്.

ഇന്നു ദേശീയ തലത്തില്‍ അറിയപ്പെടുന്ന ജയരാജും, പെരുന്തച്ചനിലൂടെ ശ്രദ്ധിക്കപ്പെട്ട, തോപ്പില്‍ ഭാസിയുടെ മകന്‍ അജയനും, ആധാരത്തിന്‍റെ സംവിധായകന്‍ ജോര്‍ജ് കിത്തുവും, മുഖ്യധാരാസിനിമയിലെ ശക്തനായ സംവിധായകന്‍ കമലുമെല്ലാം ഭരതശിഷ്യന്മാരെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :