ഭരതന്‍റെ ഓര്‍മ്മയ്ക്കായി....

WEBDUNIA|
കമ്പോള സിനിമയുടെ വര്‍ണപ്പകിട്ടൊഴിവാക്കി ജീവിതഗന്ധികളായ കഥകള്‍, പച്ച മനുഷ്യരുടേയും പ്രകൃതിയുടേയും കഥകള്‍, വളച്ചുകെട്ടില്ലാതെ അഭ്രത്തിലാവിഷ്ക്കരിക്കാനായിരുന്നു ഭതതനിഷ്ടം. അതില്‍സെക്സിനും, വയര്‍ലന്‍സിനും അമിതപ്രാധാന്യം നല്‍കുന്നുവെന്നു വിമര്‍ശകര്‍ ദോഷം കണ്ടെത്തി.

പക്ഷേ, മറ്റുള്ളവര്‍ തൊടാന്‍ മടിച്ച വിഷയങ്ങള്‍ അസാമാന്യ കയ്യൊതുക്കത്തോടെ സധൈര്യം വെള്ളിത്തിരിയിലെത്തിക്കാന്‍ ഭരതനെ കഴിഞ്ഞേ ഒരു സംവിധായകനുള്ളുവെന്ന് നിരൂപകര്‍ പോലും സമ്മതിച്ചു.

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന രതിനിര്‍വ്വേദം, തകര തുടങ്ങിയ ചിത്രങ്ങള്‍ കമ്പോളവിജയവും കലാമൂല്യവും ഒരുമിച്ച് ഉറപ്പുവരുത്തി. കാക്കനാടന്‍റെ പറങ്കിമല, അടിയറവ് തുടങ്ങിയ കഥകളും, നാഥന്‍റെ ചാട്ട, വിജയന്‍ കരോട്ടിന്‍റെ മര്‍മ്മരം, ജോണ്‍പോളിന്‍റെ ചാമരം, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവട്ടം, സന്ധ്യ മയങ്ങും നേരം, തിക്കോടിയന്‍റെ ഇത്തിരിപ്പുവേ ചുവന്നപൂവേ, ലോഹിതദാസിന്‍റെ പാഥേയം, വെങ്കലം, അമരം, നെടുമുടിയുടെ കാറ്റത്തെ കിളിക്കൂട്, ആരവം തുടങ്ങിയ സിനിമകള്‍ക്കു മലയാളസിനിമയില്‍ പ്രത്യേക സ്ഥാനം ഇന്നും പ്രേക്ഷകമനസിലുണ്ടെങ്കില്‍ അതിനു ഭരതനോടു നാം കടപ്പെട്ടിരിക്കുന്നു.

മലയാളത്തിന്‍റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ എം.ടി. വാസുദേവന്‍ നായരുടെ രണ്ടു തിരക്കഥകള്‍- വൈശാലിയും , താഴ്വാരവും-സിനിമയാക്കിയപ്പോഴും നിരൂപകര്‍ വാഴ്ത്തുന്ന ഭരതന്‍ സ്പര്‍ശം അവയ്ക്കു നല്‍കി പുതുമയുള്ള ദൃശ്യാനുഭൂദിയാക്കി മാറ്റാന്‍ ഭരതനു കഴിഞ്ഞു. നെടുമുടിയുടെ കഥ ആദ്യം ചിത്രമാക്കുന്നതും ഭരതനാണ്.

ഗ്രാമീണനായ ഭരതന്‍റെ മനസു നിറയെ ഗ്രാമമായിരുന്നു. ചിത്രങ്ങളിലെല്ലാം ആ ഗ്രാമീണന്‍റെ വീക്ഷണം തെളിഞ്ഞു. ഭരതന്‍ ചിത്രങ്ങളിലൂടെയാണ് ഭരത് ഗോപിക്കും നെടുമുടി വേണുവിനും മറ്റും തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കാനായത്. മര്‍മ്മരവും ഓര്‍മ്മയ്ക്കായിയും വൈശാലിയും ഒക്കെ അംഗീകാരങ്ങള്‍ വാരിക്കൂട്ടി.

ഭരതന്‍ ചിത്രങ്ങളിലെ ഓരോ ഫ്രെയിമിലും ചിത്രകാരന്‍റെ കരസ്പര്‍ശം നിറഞ്ഞു നിന്നു. വൈശാലിയും പ്രയാണവുമടക്കം പല ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ണമായും പെയിന്‍റിങ്ങുകളാക്കി മുന്‍കൂട്ടി വരച്ചു. തയാറാക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ ഒട്ടേറെ കഴിവുറ്റ നടീനടന്മാരെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റും ഭരതനുതന്നെ. അരവിന്ദന്‍റെ തമ്പിലൂടെ രംഗത്തുവന്ന നെടുമുടി വേണുവിന്‍റെ അഭിനയനൈപുണ്യം നാം അനുഭവിച്ചറിഞ്ഞത് ആരവം, ആരോഹണം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളിലൂടെയാണ്. ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ അഭിനയത്തിന് നെടുമുടി വേണു ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിന് അവസാനവട്ടം വരെ മല്‍സരിച്ചു. ഭരത് ഗോപിക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്ത കാറ്റത്തെ കിളിക്കൂട്, മര്‍മ്മരം, ഓര്‍മ്മയ്ക്കായി, സന്ധ്യ മയങ്ങും നേരം തുടങ്ങിയവയും ഭരതന്‍റേതു തന്നെ.

മമ്മൂട്ടി എന്ന നടന്‍റെ നടനവൈഭവം മുഴുവന്‍ അമരം, പാഥേയം, കാതോടു കാതോരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്ടിലും താഴ്വാരത്തിലും നാം മോപന്‍ലാലെന്ന നടന്‍റെ തീര്‍ത്തും വ്യത്യസ്ത മുഖങ്ങളും കണ്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :