ശ്രീദേവി മികച്ച നടി - പുരസ്കാരത്തിന്‍റെ കണ്ണീര്‍ത്തിളക്കം!

ശ്രീദേവി, മോം, ബോണി കപൂര്‍, ശേഖര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, Sreedevi, Bony Kapoor, Sridevi, Shekhar Kapoor, Arjun Kapoor
BIJU| Last Modified വെള്ളി, 13 ഏപ്രില്‍ 2018 (13:56 IST)
മരണത്തിന്‍റെ കയത്തില്‍ പെട്ടുപോയെങ്കിലും അവസാനചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി ശ്രീദേവി സിനിമാസ്വാദകരില്‍ വേദന പെയ്യിച്ചു. ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ ശ്രീദേവിയുടെ പേര് മികച്ച നടിയായി പ്രഖ്യാപിച്ചപ്പോള്‍ ഒരുനിമിഷം രാജ്യം സ്തബ്‌ധമായി നിന്നു.

രവി ഉദ്യവര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു മോം. ദേവകി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ശ്രീദേവി ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഒരമ്മയുടെ ആത്മസംഘര്‍ഷങ്ങള്‍ ഭാവതീവ്രത ചോരാതെ സ്ക്രീനിലേക്ക് പരാവര്‍ത്തനം ചെയ്യുകയായിരുന്നു ശ്രീദേവി. അവര്‍ക്ക് അര്‍ഹിച്ച പുരസ്കാരം തേടിവരുമ്പോള്‍ അവര്‍ ജീവനോടെയില്ല എന്ന ദുഃഖകരമായ അവസ്ഥയ്ക്കാണ് രാജ്യം സാക്‍ഷ്യം വഹിക്കുന്നത്.

ഗിരീഷ് കോഹ്‌ലിയുടെ തിരക്കഥയിലാണ് രവി ഉദ്യവര്‍ ‘മോം’ ഒരുക്കിയത്. ഒരു പെണ്‍കുട്ടിക്ക് നേരെയുണ്ടാകുന്ന ആക്രമണവും അവളുടെ അമ്മ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് ചിത്രം പ്രമേയമാക്കിയത്. ഒരു സാധാരണ പ്രതികാരകഥയായി മാറാമായിരുന്ന സിനിമയെ തന്‍റെ ഉജ്ജ്വലമായ അഭിനയത്തനിമകൊണ്ടാണ് ശ്രീദേവി ഒരു മികച്ച ചിത്രമാക്കി മാറ്റിയത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ മോം നിര്‍മ്മിച്ചത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ആണ്.

മൂന്നാം പിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ശ്രീദേവിക്ക് ഒട്ടേറെ ഫിലിം ഫെയര്‍ പുരസ്കാരങ്ങളും മറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് മരണശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ദേശീയ പുരസ്കാരങ്ങളില്‍ ഏറ്റവും തിളക്കമുള്ളതും ശ്രീദേവിക്ക് ലഭിച്ച അവാര്‍ഡ് തന്നെ. ഏറ്റവും നൊമ്പരം സമ്മാനിക്കുന്നതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :