Last Updated:
ബുധന്‍, 29 ഒക്ടോബര്‍ 2014 (16:07 IST)
സിനിമയില്‍ കുറച്ചുകാലം മാത്രം അഭിനയിക്കുകയും അഭിനയജീവിതത്തിന് വിടപറഞ്ഞ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത നടിയാണ് സംയുക്ത വര്‍മ. കുറച്ചുകാലം കൊണ്ട് പക്ഷേ, ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന് പകരാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മധുരനൊമ്പരക്കാറ്റ്, മഴ, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, സ്വയംവരപ്പന്തല്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരവധിക്കാലത്ത്, തെങ്കാശിപ്പട്ടണം, നരേന്ദ്രന് മകന് ജയകാന്തന്‍ വക, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളിലെ സംയുക്തയുടെ പ്രകടനം മലയാളികള്‍ ഇന്നും ഓര്‍മ്മിക്കുന്നു. 1999ലും 2000ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സംയുക്തയ്ക്കായിരുന്നു.
നല്ല കഥയും കഥാപാത്രവും ലഭിച്ചാല്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിന് സംയുക്തയ്ക്ക് തടസങ്ങളൊന്നുമില്ല എന്നാണ് ഭര്‍ത്താവും നടനുമായ ബിജു മേനോന് പറയുന്നത്. സംയുക്ത അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും എതിരല്ലെന്നും സിനിമയില്‍ നിന്ന് മാറിനില്‍ക്കാമെന്നത് സംയുക്തയുടെ മാത്രം തീരുമാനമായിരുന്നു എന്നും ബിജു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
കുടുംബകാര്യങ്ങളുടെ ടെന്‍ഷനും വിഷമങ്ങളുമൊന്നും തന്നെ അറിയിക്കാതെ സംയുക്ത ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നതുകൊണ്ടാണ് തനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതെന്നും ബിജു മേനോന് പറയുന്നു. എന്തായാലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സംയുക്ത വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.