ചരിത്രപ്പൂട്ടുകള്‍ തുറന്നുതരും ഐതിഹ്യമാല

അരുണ്‍ വാസന്തി

കൊട്ടാരത്തില്‍ ശങ്കുണ്ണി
PROPRO
അന്ന് ആരായി തീരണമെന്ന് ആരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ കായംകുളം കൊച്ചുണ്ണിയായി തീരണം എന്ന് ഉറപ്പിച്ച് പറഞ്ഞേനെ. അതാണ് ആ കഥകള്‍ അവശേഷിപ്പിച്ച ആവേശം. മഹാത്‌ഭുതങ്ങളുടെ ലോകം കൂടിയായിരുന്നു ഈ പു‌സ്‌തകം അന്ന് തുറന്നിട്ടത്. ഭാഷയിലൂടെ അതീന്ദ്രിയമായ ഏതോ ലോകങ്ങളിലേക്ക് പതുക്കെ നടത്തിക്കൊണ്ട് പോയി മായാവിദ്യയിലെന്നവണ്ണം പൊടുന്നനെ അതിശയങ്ങളുടെ വാതില്‍ തുറന്നിടുക എന്നിട്ട് നമ്മെ അതിനുള്ളിലാക്കി കടന്ന് കളയുക ഇതായിരുന്നു ഐതിഹ്യമാല.

പിന്നീടാണ് ഇവ വെറും ഫാന്റസിയുടെ വര്‍ണ്ണ പ്രപഞ്ചം മാത്രമല്ലായെന്നും യഥാര്‍ത്ഥ ചരിത്രമാണെന്നും പൊതുവില്‍ ചരിത്രങ്ങള്‍ രേഖപ്പെടുത്തിവെയ്ക്കുന്നതിലെ മലയാളിയുടെ വിമുഖതക്കള്‍ക്ക് കൊട്ടാ‍രത്തില്‍ ശങ്കുണ്ണിയുടെ അതിനൊരപവാദമാണെന്നും തിരിച്ചറിഞ്ഞത്. ഗതകാലത്തിന്റെ രേഖപ്പെടുത്തലുകള്‍ ചരിത്രത്തിലൂടെയും പഴമ്പാട്ടുകളിലൂടെയും കേട്ടു‌കേള്‍വികളിലൂടെയും ഒരു മാല പോലെ കോര്‍ത്തെടുക്കുക തന്നെയായിരുന്നു ശങ്കുണ്ണി ചെയ്‌തത്. ഈ കഥകള്‍ ഉപന്യാസ രൂപത്തിലാ‍ക്കാന്‍ പ്രചോദനം നല്‍കിയ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയേയും വിസ്‌മരിച്ചുകൂട.

1909 മുതല്‍ 1934 വരെ 25 കൊല്ലം എട്ട് വാല്യങ്ങളായിട്ടാണ് ഐതിഹ്യമാല പ്രസിദ്ധീകരിക്കുന്നത്. ഇതിനെക്കൂടാതെ മണിപ്രവാളകൃതികള്‍, ഭാഷാനാടകങ്ങള്‍, ആട്ടക്കഥകള്‍, കിളിപ്പാട്ട്‌, കൈകൊട്ടിക്കളിപ്പാട്ട്‌, തുള്ളല്‍പ്പാട്ട്‌, വഞ്ചിപ്പാട്ട്‌, ഗദ്യപ്രബന്ധങ്ങള്‍ തുടങ്ങി അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചുവെങ്കിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയെ അനശ്വരനാക്കി മാറ്റുന്നത് അദ്ദേഹത്തിന്റെ ഈ ഐതിഹ്യമാല തന്നെയാണ്. ആബാലവൃദ്ധം ജനങ്ങളെ ഐതിഹ്യമാല രസിപ്പിക്കാനും ചിന്തിക്കാനും തുടങ്ങിയിട്ട് നൂറ് വര്‍ഷം ആയിരിക്കുകയാണിപ്പോള്‍.

ബാലഭാവനകളെ തിടം വെച്ചുണര്‍ത്തുന്നവ മാത്രമല്ല ഈ കഥകള്‍, അവ ആബാ‍ലവൃദ്ധം ജനങ്ങളുടെയും ആസ്വാദന ശേഷിയെ തട്ടിയുണര്‍ത്തുന്നവയായിരുന്നു. മറ്റൊരര്‍‌ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാ പ്രായക്കാരേയും രസിപ്പിക്കാന്‍ പോന്ന രസമുകുളങ്ങള്‍ ഈ കഥകളില്‍ ശങ്കുണ്ണി തിരുകിവെച്ചിരുന്നു. ചരിത്രത്തിന്റെ പുനരാഖ്യാനം എന്നതിനുമപ്പുറം നമ്മുടെ ഫോക്‍‌ലോര്‍ പാരമ്പര്യത്തിന്റെ പിന്നീട് സീരിയലായും ഈ കഥകള്‍ അവതരിപ്പിച്ചപ്പോഴും ആവേശത്തോ‍ടെയാണ് കണ്ടിരുന്നത് . പക്ഷേ പിന്നീട് ശങ്കുണ്ണി കേരളത്തിലെ ജനതയ്‌ക്ക് മുന്നില്‍ അവതരിപ്പിച്ച പല ചരിത്ര പുരുഷന്‍‌‌മാരേയും മെഗാസീരിയലുകാ‍ര്‍ കൊല്ലാക്കൊല ചെയ്യേണ്ടി വന്നതും കാണേണ്ടി വന്നു. കായം‌കുളം കൊച്ചുണ്ണി ഒരു ഉദാഹരണം മാത്രം. എങ്കിലും മലയാളികളുടെ ഭാവനലോകത്തെ ഇത്ര കണ്ട് പ്രോജ്ജ്വലമാക്കിയ മറ്റൊരു പു‌സ്തകം ഉണ്ടോ എന്ന് തന്നെ സംശയമാണ്.

പിന്‍ കുറിപ്പ്: ഒരു ദിവസം പു‌സ്‌തകശാലയിലെ പതിവില്ലാത്ത തിരക്ക് കണ്ടാണ് അങ്ങോട്ട് കയറിയത്. പലരും പു‌സ്തകത്തിനായി കടിപിടി കൂട്ടുന്നു. ഏതാ ഈ മഹത്തായ പു‌സ്തകം എന്നറിയാന്‍ ഒന്ന് തല ഏന്തിച്ചപ്പോള്‍ ഹാരിപോര്‍ട്ടര്‍. ഇത്ര വലിയ സംഭവമാണെങ്കില്‍ ഒന്ന് വായിച്ചേക്കാമെന്ന് കരുതി ഒരെണ്ണം വാങ്ങി വീട്ടിലെത്തി വായന തുടങ്ങി ഐതിഹ്യമാലയുടെ ഒരു പേജ് സമ്മാനിക്കുന്ന ആകാംക്ഷയും ഉദ്വേഗവും ഈ പുസ്‌തകം മുഴുവനും വായിച്ചിട്ട് ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരസ്യതന്ത്രങ്ങളുടെ മിടുക്ക് അല്ലാതെ എന്ത് പറയാന്‍.

(ഐതിഹ്യമാലയുടെ പഴയ ഒരു പതിപ്പില്‍ നിന്ന് സ്മാന്‍ ചെയ്തതാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചിത്രം. സമീപകാലത്ത് പുറത്തുവന്ന ഐതിഹ്യമാലയുടെ മുഖപടമാണ് ലേഖനത്തിന്റെ ആദ്യതാളില്‍ കൊടുത്തിരിക്കുന്നത്)
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :