റേഷന്‍ കാര്‍ഡിലൂടെ ജീവിതം കലഹിക്കുന്നു

WEBDUNIA| Last Modified വ്യാഴം, 3 മാര്‍ച്ച് 2011 (16:31 IST)
PRO
PRO
കാസര്‍കോട്ടുകാരന്‍ കെ പ്രദീപിന്റെ കഥകള്‍ ജീവിതത്തോടുള്ള കലഹങ്ങളാണ്. തന്റെ കഥകളില്‍ കണ്ണുനീരിന്റെ ഉപ്പുരസമാണ് ഉള്ളതെന്ന് പ്രദീപ് മുഖക്കുറിപ്പില്‍ പറയുന്നു.

ദൈര്‍ഘ്യം കുറവുള്ള രചനകളിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത വീക്ഷണം പകര്‍ത്താനാണ് ‘റേഷന്‍ കാര്‍ഡിന്റെ നിറം’ എന്ന കഥാസമാഹാരത്തിലൂടെ ‘’ പ്രദീപ് ശ്രമിക്കുന്നത്. അതിന് പുതുജീവിതത്തിന്റെ വേഗതയും കാപട്യവും കഥാകൃത്ത് വിഷയമാക്കുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന ഏഴു കഥകളാണ് ‘റേഷന്‍ കാര്‍ഡിന്റെ നിറം’ എന്ന സമാഹാരത്തിലുള്ളത്.

പരിണാമം, അവര്‍ കഴുകരേക്കാള്‍ വേഗമാര്‍ന്നവര്‍..., റോസാ ഗീവര്‍ഗീസും എന്റെ നഗ്നതയും, ആദിദ്രാവിഡം, വിസ്മയം, റേഷന്‍കാര്‍ഡിന്റെ നിറം, ദാസ് കാപ്പിറ്റല്‍ എന്നീ കഥകളില്‍ നവഭാവുകത്വവും കഥപറച്ചിലിന്റെ ലാളിത്യവും ഒരേസമയം സമ്മേളിക്കുന്നു.

രാഷ്ട്രീയാപചയത്തിന്റെ കഥയാണ് ‘വിസ്മയം’. വടക്കന്‍ കേരളത്തിലും പ്രത്യയശാസ്ത്രങ്ങള്‍ക്ക് മൂല്യച്യുതി വന്നിരിക്കുന്നുവെന്ന് വിസ്മയത്തിലൂടെ പ്രദീപ് സമര്‍ഥിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ പരദൂഷണം പറയരുതെന്ന് മാനിഫെസ്റ്റോയില്‍ ഏഴുതിച്ചേര്‍ത്തിട്ടില്ലെന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്. സിനിമയിലെ ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ സ്വീകാര്യത ലഭ്യമാക്കാന്‍ ഈ പറച്ചലിലൂടെ സാധിക്കുന്നു.

ഡയറിക്കുറിപ്പുകളിലൂടെയുള്ള ആഖ്യാനശൈലിയാണ് ‘അവര്‍ കഴുകരേക്കാള്‍ വേഗമാര്‍ന്നവര്‍...’ എന്ന കഥയില്‍ പ്രദീപ് സ്വീകരിക്കുന്നത്. ആത്മഹത്യയില്‍ അഭയം തേടുന്ന പ്രിയംവദയെന്ന യുവതിയാണ് കഥാനായിക. തന്റെ ദുരന്ത അവസ്ഥ നായിക ഡയറിക്കുറിപ്പുകളിലൂടെ വിവരിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ കടന്നുകയറ്റമാണ് ‘റേഷന്‍ കാര്‍ഡിന്റെ നിറം’ എന്ന കഥയില്‍ പ്രദീപ് വിമര്‍ശിക്കുന്നത്. ഐടി യുഗത്തിലെ അടയാളപ്പെടുത്തലിന്റെ ആവശ്യകതയെ കഥാകൃത്ത് ചോദ്യം ചെയ്യുന്നു.

ബുദ്ധികൂര്‍മ്മത ആവശ്യപ്പെടുന്ന കഥകളല്ല പ്രദീപിന്റേത്. നല്ല ലോകത്തിന് വേണ്ടിയുള്ള പ്രതീക്ഷകള്‍ അസ്തമിക്കാതെ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ഈ ചെറുപ്പക്കാരന്റെ കഥകള്‍. ഒപ്പം കാപട്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാനാകാതെ സംഭവിക്കുന്ന ചില കലഹങ്ങളും ഈ കഥകളില്‍ നിറയുന്നു.

റേഷന്‍ കാര്‍ഡിന്റെ നിറം
കെ പ്രദീപ്
ഇന്‍സൈറ്റ് ബുക്സ്
വില 50 രൂപ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :