തിരുസ്വരൂപംഇടവകയിലെ പ്രഥമ വൈദികനായ റവ. ഫാദര്‍ ഹില്ലാരിയുടെ പൌരോഹിത്യ സ്വീകരണത്തിന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ പിതാവ് ശ്രീ കാര്‍മെന്‍ മിരാന്‍ഡ ഇടവകയ്ക്ക് സമര്‍പ്പിച്ച ക്രിസ്തുരാജസ്വരൂപം റോമില്‍ നിന്നും കിട്ടിയ മഹനീയ വര്‍ണ്ണ ചിത്രത്തിന്‍റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഭൌമവും അവര്‍ണ്ണനീയവുമായ ഈ തിരുസ്വരൂപം പണിയുവാന്‍ കേരളത്തിലെ ക്രൈസ്തവ ശില്പകലാരൂപ നിര്‍മ്മാണത്തില്‍ അഗ്രഗണ്യരായ, ആലപ്പുഴ ചമ്പക്കുളത്തെ അനുഗ്രഹീത ശില്‍പ്പികള്‍ക്ക് അശ്രാന്തപരിശ്രമം തന്നെ നടത്തേണ്ടിവന്നു. വെട്ടുകാട് ക്രിസ്തുരാജന്‍റെ സാന്നിധ്യം വെളിപ്പെടുത്തുന്ന ദര്‍ശനങ്ങളും അടയാളങ്ങളും ആരംഭ കാലത്ത് തന്നെ ലഭിക്കുകയുണ്ടായി എന്നും വിശ്വസിക്കുന്നു.1942 ല്‍ കൊച്ചി മെത്രാനായിരുന്ന റൈറ്റ് റവ. ജോസ് വിയെറാ അല്‍വെര്‍നാസാണ് ക്രിസ്തുരാജസ്വരൂപം വെഞ്ചരിച്ച് ഔദ്യോഗിക പ്രതിഷ്ഠാ പ്രഖ്യാപനം നടത്തിയത്. വര്‍ഷത്തിന്‍റെ എല്ലാ ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ ബാഹുല്യമ്യമുണ്ടെങ്കിലും വെള്ളിയാഴ്ചകളിലാണ് തിരക്ക് ഏറെ അനുഭവപ്പെടുന്നത്. ക്രിസ്തുരാജ സന്നിധിയില്‍ വന്നണയുന്ന ഭക്തജനങ്ങളുടെ അനുഷ്ഠാനങ്ങള്‍ വൈവിദ്ധ്യമേറിയതും കൌതുകകരവുമാണ്. കുഞ്ഞുങ്ങളുടെ ആദ്യ ചോറൂണ്, പുതിയ വാഹനങ്ങള്‍ വെഞ്ചരിക്കല്‍, ആദ്യ ഫലങ്ങള്‍ കാഴ്ചവയ്ക്കല്‍, വിദ്യാരംഭം തുടങ്ങി എന്തിനും ഏതിനും വിശ്വാസത്തോടെ ആളുകള്‍ എത്തുന്നു. |