ഹനൂമല്‍സുഗ്രീവസംവാദം
ഇങ്ങനെ വാഴുന്ന കാലമൊരുദിന- മങ്ങു കിഷ്കിന്ധാപുരത്തിങ്കല്‍ വാഴുന്ന സുഗ്രീവനോടു പറഞ്ഞു പവനജ- നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണംഃ "കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം. നിന്നുടെ കാര്യം വരുത്തി രഘൂത്തമന്‍ മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍. പിന്നെ നീയോ നിരൂപിച്ചീലതേതുമെ- ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ. ബാലി മഹാബലവാന്‍ കപിപുംഗവന്‍ ത്രൈലോക്യസമ്മതന്‍ ദേവരാജാത്മജന്‍ നിന്നുടെമൂലം മരിച്ചു ബലാ, ലവന്‍ മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു രാജ്യാഭിഷേകവും ചെയ്തു മഹാജന- പൂജ്യനായ്താരയുമായിരുന്നീടു നീ. എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ. അദ്യ വാ ശ്വോ വാ പരശ്വോഥ വാ* തവ മൃത്യു ഭവിക്കുമതിനില്ല സംശയം പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും പര്‍വതാഗ്രേ നിജ സോദരന്‍തന്നോടു- മൂര്‍വീശ്വരന്‍ പരിതാപേന വാഴുന്നു നിന്നെയും പാര്‍ത്തു, പറഞ്ഞ സമയവും വന്നതും നീയോ ധരിച്ചതില്ലേതുമേ. വാനരഭാവേന മാനിനീസക്തനായ് പാനവും ചെയ്തു മതിമറന്നന്വഹം രാപ്പകലുമറിയാതേ വസിക്കുന്ന കോപ്പുകളെത്രയും നന്നുനന്നിങ്ങനെ. അഗ്രജനായ ശക്രാത്മജനെപ്പോലെ നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണ്ണയം." അഞ്ജനാനന്ദന്‍തന്നുടെ വാക്കു കേ- ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും ഉത്തരമായവന്‍തന്നോടു ചൊല്ലിനാന്‍ഃ "സത്യമത്രേ നീ പറഞ്ഞതു നിര്‍ണ്ണയം. ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ സത്വരമെന്നുടെയാജ്ഞയോടും ഭവാന്‍ പത്തുദിക്കിങ്കലേക്കുമയച്ചീടണം, സപ്തദ്വീപസ്ഥിതന്മാരായ വാനര- സത്തമന്മാരെ വരുത്തുവാനായ് ദ്രുതം നേരെ പതിനായിരം കപിവീരെ- പ്പാരാതയയ്ക്ക സന്ദേശപറത്തെ പക്ഷതിനുള്ളില്‍ വരേണം കപികുലം പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ വദ്ധനവനതിനില്ലൊരു സംശയം സത്യം പറഞ്ഞാലിളക്കമില്ലേതുമേ." അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു മഞ്ജുളമന്ദിരം പുക്കിരുന്നീടിനാന്‍ ഭര്‍ത്തൃനിയോഗം പുരസ്കൃത്യ മാരുത- പുത്രനും വാനരസത്തമന്മാരെയും പത്തു ദിക്കിന്നുമയച്ചാനഭിമത- ദത്തപൂര്‍വ്വം, കപീന്ദ്രന്മാരുമന്നേരം വായുവേഗപ്രചാരേണ കപികുല- നായകന്മാരെ വരുത്തുവാനായ് മുദാ പോയിതു ദാനമാനാദി തൃപ്തത്മനാ മായാമാനുഷ്യകാര്യാര്‍ത്ഥമതിദ്രുതം.
|