അര്‍ഗ്ഘ്യപാദ്യപ്രദാനാര്‍ത്ഥമായും മധു- പര്‍ക്കാര്‍ത്ഥമാചമനാര്‍ത്ഥമെന്നിങ്ങനെ പാത്രചതുഷ്ടയവും വെച്ചുകൊള്ളണം പേര്‍ത്തു മറ്റൊന്നും നിരൂപണം കൂടാതെ മല്‍ക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം ഹൃല്‍ക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത- മെന്നുറയ്ക്കേണമിളക്കവും കൂടാതെ ആവാഹയേല്‍ പ്രതിമാദിഷ്ട മല്‍ക്കലാം ദേവസ്വരൂപമായ് ധ്യാനിക്ക കേവലം പാദ്യവുമര്‍ഗ്ഘ്യം തഥാ മധുപര്‍ക്കമി- ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈഃ എത്രയുണ്ടുള്ളതുപചാരമെന്നാല- തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ ആഗമോക്തപ്രകാരേണ നീരാജനൈ- ര്‍ദ്ധൂ പദീപൈര്‍ന്നിവേദ്യൈര്‍ബ്ബഹുവിസ്തരൈഃ ശ്രദ്ധയാ നിത്യമായര്‍ച്ചിച്ചുകൊള്ളുകില്‍ ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ. ഹോമമഗസ്ത്യോക്തമാര്‍ഗ്ഗകുണ്ഡാനലേ? മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ ചിത്തതാരിങ്കല്‍ നിനയ്ക്ക കുമാര! നീ. ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ സോപാധിനാ ചെയ്ക ഹോമം മഹാമതേ! തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം ദീപ്താഭരണവിഭൂഷിതം കേവലം മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമന്‍ പാരിഷദാനാം ബലിദാനവും ചെയ്തു ഹോമശേഷത്തെ സമാപയന്മന്ത്രവില്‍ ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ് വക്ത്രവാസം നാഗവല്ലീദലാദിയും ദത്വാ മദഗ്രേ മഹല്‍പ്രീതിപൂര്‍വകം നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു പാദാംബുജേ നമസ്കാരവും ചെയ്തുടന്‍ ചേതസി മാമുറപ്പിച്ചു വിനീതനായ് മദ്ദത്തമാകും പ്രസാദത്തെയും പുന- രുത്തമാംഗേ നിധായാനന്ദപൂര്‍വകം 'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു- രുക്ത്വാ നമസ്കാരവും ചെയ്തനന്തരം ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്ങ്‌മഹസ്സിങ്ക- ലിത്ഥം ദിനമനുപൂജിക്ക മത്സഖേ! ഭക്തിസംയുക്തനായുള്ള മര്‍ത്ത്യന്‍ മുദാ നിത്യമേവം ക്രിയായോഗമനുഷ്ഠിക്കില്‍ ദേഹനാശേ മമ സാരൂപ്യവും വരു- മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ? ഇത്ഥം മയോക്തം ക്രിയായോഗമുത്തമം ഭക്ത്യാ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്കിലോ നിത്യപൂജാഫലമുണ്ടവനെ"ന്നതും ഭക്തപ്രിയനരുള്‍ചെയ്താനതുനേരം. ശേഷാംശജാതനാം ലക്ഷ്മണന്‍തന്നോട- ശേഷമിദമരുള്‍ചെയ്തോരനന്തരം മായാമയനായ നാരായണന്‍ പരന്‍ മായാമവലംബ്യ ദുഃഖം തുടങ്ങിനാന്‍ഃ "ഹാ! ജനകാത്മജേ! സീതേ! മനോഹരേ! ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!" ഏവമാദിപ്രലാപം ചെയ്തു നിദ്രയും ദേവദേവന്നു വരാതെ ചമഞ്ഞിതു സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു സൗമുഖ്യമോടു മരുവും ചിലനേരം.
|