ക്രിയാമാര്‍ഗ്ഗോപദേശം
"കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി- നോര്‍ക്കിലവസാനമില്ലെന്നറിക നീ. എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍ ആചാര്യനോടു മന്ത്രം കേട്ടു സാദര- മാചാര്യപൂര്‍വമാരാധിക്ക മാമെടോ. ഹൃല്‍ക്കമലത്തിങ്കലാകിലുമാം പുന- രഗ്നിഭഗവാങ്കലാകിലുമാമെടോ. മുഖ്യപ്രതിമാദികളിലെന്നാകിലു- മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ- മുണ്ടെങ്കിലോ പുനരുത്തമമെത്രയും. വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങള്‍കൊ- ണ്ടാദരാല്‍ മൃല്ലേപനാദി വിധിവഴി കാലേ കളിക്കവേണം ദേഹശുദ്ധയേ. മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം നിത്യകര്‍മ്മം ചെയ്തുപിന്നെ സ്വകര്‍മ്മണാ. ശുദ്ധ്യര്‍ത്ഥമായ് ചെയ്ക സങ്കല്‍പമാദിയെ. ആചാര്യനായതു ഞാനെന്നു കല്‍പിച്ചു പൂജിക്ക ഭക്തിയോടെ ദിവസംപ്രതി സ്നാപനം ചെയ്ക ശിലയാം പ്രതിമാസു ശോഭനാര്‍ത്ഥം ചെയ്കവേണം പ്രമാര്‍ജ്ജനം ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ടു പൂജിപ്പവന്‍ ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ. മുഖ്യപ്രതിമാദികളിലലംകാര- മൊക്കെ പ്രസാദമെനിക്കെന്നറിക നീ അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദര- ലര്‍ക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ മുമ്പിലേ സര്‍വ്വപൂജാദ്രവ്യമായവ സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍ ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക- ളെന്തു പിന്നെപ്പറയേണമോ ഞാനെടോ? വസൃതാജിനകശാദ്യങ്ങളാലാസന- മുത്തമമായതു കല്‍പിച്ചുകൊള്ളണം ദേവസ്യ സമ്മുഖേ ശാന്തനായ് ചെന്നിരു- ന്നാവിര്‍മ്മുദാ ലിപിന്യാസം കഴിക്കണം ചെയ്ക തത്വന്യാസവും ചെയ്തു സാദരം തന്നുട മുമ്പില്‍ വാമേ കലശം വെച്ചു ദക്ഷിണഭാഗേ കുസുമാദികളെല്ലാ- മക്ഷതഭക്ത്യൈവ സംഭരിച്ചീടണം
|