താരോപദേശം
"എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ ബന്ധമില്ലേതുമിതിന്നു മനോഹരേ! നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ. പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോര്‍ക്ക നീ നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍. ഇല്ല ജനനം മരണവുമില്ല കേ- ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ. നില്‍ക്കയുമില്ല നടക്കയുമില്ല കേള്‍ ദുഃഖവിഷയവുമല്ലതു കേവലം സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല താപശീതാദിയുമില്ലെന്നറിക നീ. സര്‍വഗന്‍ ജീവനേകന്‍ പരനദ്വയ- നവ്യയനാകാശതുല്യനലേപകന്‍ ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ തത്വമോര്‍ത്തെന്തു ദുഃഖത്തിനു കാരണം?" രാമവാക്യാമൃതം കേട്ടോരു താരയും രാമനോടാശു ചോദിച്ചിതു പിന്നെയുംഃ "നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും സച്ചിദാത്മ നിത്യനായതു ജീവനും ദുഃഖസുഖാദി സംബന്ധമാര്‍ക്കെന്നുളള- തൊക്കെയരുള്‍ചെയ്കവേണം ദയാനിധേ!" എന്നതു കേട്ടരുള്‍ചെയ്‌തു രഘുവരന്‍ഃ "ധന്യേ രഹസ്യമായുളളതു കേള്‍ക്ക നീ. യാതൊരളവു ദേഹേന്ദ്രിയാഹങ്കാര- ഭേദഭാവേന സംബന്ധമുണ്ടായ്‌വരും അത്രനാളേക്കുമാത്മാവിനു സംസാര- മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം. ഓര്‍ക്കില്‍ മിത്ഥ്യാഭൂതമായ സംസാരവും പാര്‍ക്ക താനേ വിനിവര്‍ത്തിക്കയല്ലെടോ! നാനാവിഷയങ്ങളെദ്ധ്യായമാനനാം മാനവനെങ്ങനെയെന്നതും കേള്‍ക്ക നീ. മിത്ഥ്യാഗമം നിജ സ്വപ്‌നേ യഥാ തഥാ സത്യമായുളളതു കേട്ടാലുമെങ്കിലോ നൂനമനാദ്യവിദ്യാബന്ധഹേതുനാ താനാമഹംകൃതിക്കാശു തല്‍ക്കാര്യമായ് സംസാരമുണ്ടാമപാര്‍ത്ഥകമായതും മാനസത്തിന്നു ബന്ധം ഭവിക്കുന്നതും ആത്മമനസ്സമാനത്വം ഭവിക്കയാ- ലാത്മനസ്തല്‍ലകൃതബന്ധം ഭവിക്കുന്നു രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം ശുദ്ധസ്ഫടികവും തദ്വര്‍ണ്ണമായ്‌വരും വസ്‌തുതയാ പാര്‍ക്കിലില്ല തദ്രഞ്ജനാ ചിത്തേ നിരൂപിച്ചു കാണ്‍ക നീ! സൂക്ഷമമായ്. ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ- ലെത്തുമാത്മാവിനു സംസാരവും ബലാല്‍
|