പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - പതിമൂന്നാം ദിവസം

ഇത്ഥമരുള്‍ചെയ്‌തതെക്കവേ കേട്ടാശു
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും
രാമനെ നാരായണനെന്നറിഞ്ഞുടന്‍
താമസഭാവമകന്നു സസംഭ്രമം
ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ-
നിത്ഥം "മമാപരാധം ക്ഷമിക്കേണമേ!
ശ്രീരാമ! രാമ! മഹാഭാഗ! രാഘവ!
നാരായണന്‍ നിന്തിരുവടി നിര്‍ണ്ണയം.
ഞാനറിയാതെ പറഞ്ഞതെല്ലാം തവ
മാനസേ കാരുണ്യമോടും ക്ഷമിക്കണം.
നിന്തിരുമേനിയും കണ്ടുകണ്ടാശു നി-
ന്നന്തികേ താവകമായ ശരമേറ്റു
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന-
താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും!
സാക്ഷാല്‍ മഹായോഗിനാമപി ദുര്‍ല്ലഭം
മോക്ഷപ്രദം തവ ദര്‍ശനം ശ്രീപതേ!
നിന്‍തിരുനാമം മരിപ്പാന്‍ തുടങ്ങുമ്പോള്‍
സന്താപമുള്‍ക്കൊണ്ടു ചൊല്ലും പുരുഷനു
മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ
സാക്ഷാല്‍ പുരസ്ഥിതനായ ഭഗവാനെ
കണ്ടുകണ്ടമ്പോടു നിന്നുടെ സായകം-
കൊണ്ടു മരിപ്പാനവകാശമിക്കാലം
ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി-
തുണ്ടോ പലര്‍ക്കും ലഭിക്കുന്നിതീശ്വരാ!
നാരായണന്‍ നിന്തിരുവടി ജാനകി
താരില്‍മാതാവായ ലക്ഷമീഭഗവതി
പങ്ക്തി കണ്ഠന്‍തന്നെ നിഗ്രഹിപ്പാനാശു
പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാന്‍
പത്മജന്‍ മുന്നമര്‍ത്ഥിക്കയാലെന്നതും
പത്മവിലോചന ഞാനറിഞ്ഞീടിനേന്‍.
നിന്നുടെ ലോകം ഗമിപ്പാന്‍ തുടങ്ങീടു-
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ!
എന്നോടു തുല്യബലനാകുമംഗദന്‍-
തന്നില്‍ തിരുവുളളമുണ്ടായിരിക്കണം.
അര്‍ക്കതനയനുമംഗദബാലനു-
മൊക്കുമെനിക്കെന്നു കൈക്കൊള്‍കവേണമേ!
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ-
യന്‍പോടു മെല്ലെത്തലോടുകയും വേണം."
എന്നതു കേട്ടു രഘൂത്തമന്‍ ബാണവും
ചെന്നു പറിച്ചു തലോടിനാന്‍ മെല്ലവേ.
മാനവവീരന്‍ മുഖാംബുജവും പാര്‍ത്തു
വാനരദേഹമുപേക്ഷിച്ചു ബാലിയും,
യോഗീന്ദ്രവൃന്ദദുരാപമായുളെളാരു
ലോകം ഭഗവല്‍പദം ഗമിച്ചീടിനാന്‍.
രാമനായോരു പരമാത്മനാ ബാലി
രാമപാദം പ്രവേശിച്ചോരനന്തരം
മര്‍ക്കടൗഘം ഭയത്തോടോടി വേഗേന
പുക്കിതു കിഷ്കിന്ധയായ പുരാജിരേ
ചൊല്ലിനാര്‍ താരയോടാശു കപികളുംഃ
"സ്വര്‍ല്ലോകവാസിയായ്‌ വന്നു കപീശ്വരന്‍
ശ്രീരാമസായകമേറ്റു രണാജിരേ,
താരേ! കുമാരനെ വാഴിക്ക വൈകാതെ.
ഗോപുരവാതില്‍ നാലും ദൃഡം ബന്ധിച്ചു
ഗോപിച്ചു കൊള്‍ക കിഷ്കിന്ധാമഹാപുരം.
മന്ത്രികളോടു നിയോഗിക്ക നീ പരി-
പന്ഥികളുളളില്‍ കടക്കാതിരിക്കണം."
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോല വീഴുന്ന കണ്ണുനിരും വാര്‍ത്തു
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരംഃ
"എന്തിനെനിക്കിനി പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ?
ഭര്‍ത്താവുതന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാന്‍."
ഇത്ഥം കരഞ്ഞു കരഞ്ഞവള്‍ ചെന്നു തന്‍
രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന
ഭര്‍ത്തൃകളേബരം കണ്ടു മോഹംപൂണ്ടു
പുത്രനോടും കൂടെയേറ്റം വിവശയായ്‌
വീണിതു ചെന്നു പാദാന്തികേ താരയും,
കേണുതുടങ്ങിനാള്‍ പിന്നെപ്പലതരംഃ
"ബാണമെയ്‌തെന്നയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ!
എന്നെപ്പതിയോടുകൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും.
ആരയനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജദുഃഖം രഘുപതേ!
വ്യഗ്രവും തീര്‍ത്തു രുമയുമായ്‌ വാഴ്ക നീ
സുഗ്രീവ! രാജ്യഭോഗങ്ങളോഷും ചിരം."
ഇത്ഥം പറഞ്ഞു കരയുന്ന താരയോ-
ടുത്തരമായരുള്‍ചെയ്‌തു രഘുവരന്‍
തത്ത്വജ്ഞഞ്ഞാനോപദേശന കാരുണ്യേന
ഭര്‍ത്തൃവിയോഗദുഃഖം കളഞ്ഞീടുവാന്‍.730
1| 2| 3| 4
കൂടുതല്‍
രാമായണ പാരായണം - പന്ത്രണ്ടാം ദിവസം
രാമായണപാരായണം - പതിനൊന്നാം ദിവസം
രാമായണപാരായണം - പത്താം ദിവസം
രാമായണപാരായണം - ഒമ്പതാം ദിവസം
രാമായണപാരായണം - എട്ടാം ദിവസം
രാമായണപാരായണം - ഏഴാം ദിവസം