പന്ത്രണ്ട് വര്‍ഷത്തോളം മൗനത്തിലും ധ്യാനത്തിലും കഴിച്ചുകൂട്ടിയ മഹാവീരന്‍ ആഗ്രഹങ്ങളെയും ബന്ധങ്ങളെയും വികാരങ്ങളെയും അടിച്ചമര്‍ത്തുകയും സകല ചരാചരങ്ങളോടും അഹിംസ പാലിക്കുകയും ചെയ്തു. തന്‍റെ ആത്മീയശക്തികള്‍ ഉണരുകയും പൂര്‍ണതയും അറിവും ശക്തിയും നേടുകയും ചെയ്തതോടെ മഹാവീരന്‍ പൂര്‍ണ്ണ പ്രബോധോദയം എന്ന അവസ്ഥ പ്രാപിച്ചു.
അഹിംസ പാലിക്കുക, സത്യം പറയുക, ഒന്നും മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യം അനുഷ്ടിക്കുക, ആരോടും ബന്ധുത പുലര്‍ത്താതിരിക്കുക എന്നിവയാണ് അഞ്ച് ജൈന തത്വങ്ങള്‍. എന്നാല്‍ ജൈനതത്വങ്ങള്‍ പിന്തുടരുന്ന സാധാരണക്കാര്‍ക്ക് അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിര്‍ത്തിയിരുന്നില്ല. ബി.സി. 527-ല്‍ എഴുപത്തിരണ്ടാം വയസ്സില്‍ മോക്ഷം പ്രാപിക്കുന്നതുവരെ മഹാവീരന്‍ നഗ്നപാദനായി ഇന്ത്യയിലങ്ങേളാമിങ്ങോളം അലഞ്ഞ് ജനനം, മരണം, വേദന, ദുരിതം എന്നിവയില്‍ നിന്നെങ്ങനെ പൂര്‍ണമായി സ്വതന്ത്രമാകാം എന്നത് സംബന്ധിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ആഗമ് സൂത്രാസ് എന്നറിയപ്പെടുന്ന മഹാവീരന്‍റെ പ്രഭാഷണങ്ങള്‍ തലമുറകളായി വായ്മൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ഇവ പിന്നീട് നഷ്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും രൂപഭേദം വരുത്തുകയും ചെയ്തു. ശ്വേതംബര ജൈനന്മാരും ദിഗംബര ജൈനന്മാരുമാണ് ഇവ ഉപയോഗപ്പെടുത്തിയിരുന്നത്.
ജൈനരെ സംബന്ധിച്ച് ഏറ്റവും വലിയ മതാഘോഷങ്ങളില്‍ ഒന്നാണ് മഹാവീര്‍ ജയന്തി. ജൈന ക്ഷേത്രങ്ങളെല്ലാം കൊടി തോരണങ്ങളാല്‍ അലങ്കരിച്ച് വിശ്വാസികള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നു. പ്രഭാതത്തില്‍ മഹാവീര വിഗ്രഹത്തിന്‍റെ അഭിഷേകത്തോടെയാണ് ആചാരങ്ങള്‍ക്ക് തുടക്കമാവുക. വിഗ്രഹത്തെ ഒരു തൊട്ടിലില്‍ കിടത്തി നടത്തുന്ന ഘോഷയാത്ര ഏറെ ആകര്‍ഷണീയമായ ഒന്നാണ്. |