അവസാന തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമണ് മഹാവീര ജയന്തിയായി ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്നത്. ബി.സി. 599ല്‍ ചൈത്ര മാസത്തിലെ പതിമൂന്നാം ചന്ദ്ര ദിനത്തിലായിരുന്നു മഹാവീരന്‍ ഭൂജാതനായത്. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് ഈ ദിനം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആണ്.
ബിഹാറില്‍ വൈശാലിയിലെ നൂപുരയില്‍ ഒരു ഹിന്ദു ക്ഷത്രിയ കുടുംബത്തില്‍ ആണ് മഹാവീരന്‍ ജനിച്ചത്. മഹാവീരനെ ഗര്‍ഭം ധരിച്ചിരിക്കെ ആ കുടുംബത്തിന്‍റെ സ്വത്ത് വര്‍ദ്ധിച്ചതുകൊണ്ടാണ് മഹാവീരനെ വര്‍ദ്ധമാനന്‍ എന്നു വിളിക്കാന്‍ കാരണം. മുപ്പതാമത്തെ വയസ്സില്‍ കുടുംബം ഉപേക്ഷിച്ച് അദ്ദേഹം സന്യാസ ജീവിതത്തിലേക്കിറങ്ങി.
24 തീര്‍ഥങ്കരന്മാരിലൂടെയാണ് ജൈന തത്വസംഹിത വളര്‍ന്നത്. എങ്കിലും അവസാനത്തെ തീര്‍ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ കാലത്താണ് ഇത് ഒരു മതം എന്ന നിലക്ക് വേരുറക്കുന്നത്. തന്‍റെ മുന്‍ഗാമികളുടെ മാര്‍ഗ്ഗനിര്‍ദേശം ഉള്‍ക്കൊണ്ട് ആ വിശ്വാസങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മഹാവീരന്‍. പാര്‍ശ്വനാഥ തീര്‍ത്ഥങ്കരന്‍റെ തത്വങ്ങളെയും വചനങ്ങളെയുമാണ് അദ്ദേഹം പ്രധാനമായും പിന്തുടര്‍ന്നത്. സന്യാസിമാരും സാധാരണക്കാരുമായി അദ്ദേഹത്തിന് നാലു ലക്ഷത്തോളം അനുയായികളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദൈവത്തെ സംബന്ധിച്ച സൃഷ്ടി സ്ഥിതി സംഹാര സങ്കല്‍പങ്ങളെ മഹാവീരന്‍ അംഗീകരിച്ചില്ല. ഭൗതിക നേട്ടങ്ങള്‍ക്കും വ്യക്തിതാത്‌പര്യങ്ങള്‍ക്കുമായി ദൈവത്തെ ആരാധിക്കുന്നതിനെയും അദ്ദേഹം ശക്തിയായി എതിര്‍ത്തു. ആത്മാവിന്റെ ആന്തരിക സൗന്ദര്യത്തിനും അര്‍ത്ഥത്തിനുമായിരുന്നു മഹാവീരന്‍ പ്രാധാന്യം നല്‍കിയിരുന്നത്. വസ്ത്രങ്ങളുള്‍പ്പടെയുള്ള സകല ലൗകിക വസ്തുക്കളും ത്യജിച്ചു കൊണ്ടാണ് മഹാവീരന്‍ സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. ഗൗതമ സിദ്ധര്‍ത്ഥന്‍റെ സമകാലികന്‍ കൂടിയായിരുന്നു മഹാവീരന്‍. |