കിടപ്പ് മുറിയില്‍ വെളിച്ചം ക്രമീകരിക്കുന്നത് ലൈംഗികപരമായ അനുഭൂതി വര്‍ദ്ധിപ്പിക്കാനും വഴിയൊരുക്കുന്നു. ഡിമ്മര്‍ സ്വിച്ചുകള്‍ വയ്ക്കുന്നതിലൂടെ ആവശ്യത്തിനുള്ള വെളിച്ചം ക്രമീകരിക്കാനാവും. കിടപ്പുമുറിയില്‍ മെഴുകുതിരി വെളിച്ചമായിരിക്കും ഉത്തമം. ചുവരുകള്‍ക്ക് ഇളം പിങ്ക് നിറവും ഉത്തമമാണ്.
കുളിമുറിയില്‍ ജലസാന്നിധ്യമുണ്ടെങ്കിലും അതിനെ പഞ്ചഭൂതങ്ങളിലെ ജലത്തിന്‍റെ സാന്നിധ്യമായി കരുതാനാവില്ല. ഇവിടെയും “ചി” വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ഫൌണ്ടനുകളോ മത്സ്യ ടാങ്കുകളോ സ്ഥാപിക്കാവുന്നതാണ്. നിലക്കണ്ണാടികള്‍ സ്ഥാപിക്കുന്നത് “ചി”യെ പ്രതിഫലിപ്പിക്കും. അതോടൊപ്പം തന്നെ കുളിമുറിയുടെ വാതിലുകളും ടോയ്‌ലറ്റ് അടപ്പുകളും എപ്പോഴും അടച്ചിടാനും ശ്രദ്ധിക്കണം.
ആരോഗ്യത്തിലും ഭാഗ്യത്തിലും അടുക്കള നിര്‍ണായകമാവുന്നു എന്നാണ് ഫെംഗ്‌ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുക്കള കുളിമുറിയുടെ വശങ്ങളിലോ എതിരെയോ ആവരുത് എന്നാണ് ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. അഗ്നി, ജലം എന്നീ പഞ്ചഭൂതാംശങ്ങള്‍ എതിരെയാവാതിരിക്കാനും ശ്രദ്ധിക്കണം. അതായത് അടുപ്പ് സിങ്കിന് എതിരെയോ ഒരേ നിരയിലോ ആവരുത്. അടുക്കളയ്ക്ക് പച്ച നിറം യോജിക്കുമെന്നാണ് ഫെംഗ്ഷൂയി മതം. ഇത് മരത്തിന്‍റെ നിറമായതിനാല്‍ അഗ്നിയും ജലവും സമരസപ്പെടുന്നു.