അന്നപ്രാശനത്തിനു ത്യാജ്യ ഗണം വര്‍ജ്ജിക്കേണ്ടതാണെങ്കിലും ഇതിലെ വിശാഖം, മൂലം, മകം എന്നീ നാളുകള്‍ പുത്തരിയൂണിനു കൊള്ളാവുന്നതാണ്. അന്നപ്രാശത്തിനു ഇടവം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, ധനു, മകരം, കുംഭം എന്നീ എട്ട് രാശികള്‍ ശുഭമാണ്. മിഥുനം രാശി മധ്യമമായി സ്വീകരിക്കാം. ശുഭഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ മീനം രാശി കൊള്ളാമെന്നും അല്ലെങ്കില്‍ നിന്ദ്യമാണെന്നും അഭിപ്രായമുണ്ട്. അതേസമയം ശുഭയോഗദൃഷ്ട്യാദികള്‍ ഉണ്ടെങ്കിലും മേടം, വൃശ്ചികം രാശികള്‍ അന്നപ്രാശത്തിനു ശുഭമല്ല.
ശുഭഗ്രഹങ്ങളുടെ അംശകവും ദ്രേക്കാണവും ഉദയവും വാരവും മറ്റും ശുഭമാണ്. പൂര്‍ണ ചന്ദ്രന്റെ ദ്രേക്കാണാദികള്‍ മധ്യമവും പാപഗ്രഹങ്ങളുടെ അശുഭങ്ങളുമാണ്. ക്ഷീണ ചന്ദ്രന്റെ ദ്രേക്കാണാദികളും അശുഭമാണ്. അന്നപ്രാശ രാശിയുടെ പന്ത്രണ്ടാമിടത്ത് ശുഭന്മാരും ഒമ്പതാമിടത്ത് ചന്ദ്രനും ബുധനും ആറാമിടത്തു ശുക്രനും നാലാമിടത്തു വ്യാഴവും ലഗ്നത്തില്‍ ചന്ദ്രനും പത്താമിടത്ത് എല്ലാ ഗ്രഹങ്ങളും വര്‍ജ്ജിക്കേണ്ടതാണ്.
മുഹൂര്‍ത്തമില്ലെങ്കിലും യോഗം പ്രധാനമാക്കിക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യാം. പക്ഷേ വിധിച്ച നക്ഷത്രം, തിഥി, രാശി മുതലായവ പരിഗണിക്കേണ്ടതാണ്.
മുഹൂര്‍ത്തലഗ്നത്തിന്റെ പത്താമിടത്തു ശുഭാംശകത്തോടു കൂടി സല്‍ക്രിയയോടു കൂടി ചന്ദ്രനും കേന്ദ്രത്തിലോ ത്രികോണത്തിലോ വ്യാഴവും നില്‍ക്കുക, ആറാമിടത്തോ പതിനൊന്നാമിടത്തോ മൂന്നാമിടത്തോ പാപഗ്രഹവും കേന്ദ്രത്തില്‍ ബലവാനായ ശുഭഗ്രഹവും നില്‍ക്കുക, ആദിത്യന്‍ മൂന്നാമിടത്തും ബുധന്‍ രണ്ടാമിടത്തും വ്യാഴം മുഹൂര്‍ത്ത ലഗ്നത്തിലും ചന്ദ്രന്‍ ശുഭക്രിയയിലും നില്‍ക്കുക, ലഗ്നത്തില്‍ ശുക്രനും രണ്ടാമിടത്തു രണ്ടാമിടത്തു ബുധനും മൂന്നാമിടത്ത് ആദിത്യനും പതിനൊന്നാമിടത്ത് കുജശനികളില്‍ ഒരു ഗ്രഹവും നില്‍ക്കുക തുടങ്ങിയ നാല് യോഗങ്ങളും അന്നപ്രാശത്തിനു പ്രാധാന്യമുള്ളതാണ്. അതുപോലെതന്നെ, വ്യാഴം മുഹൂര്‍ത്ത ലഗ്നത്തിന്റെ കേന്ദ്രത്തിലും ബുധന്‍ പതിനൊന്നാമിടത്തും ആദിത്യന്‍ പന്ത്രണ്ടാമിടത്തും ശുക്രന്‍ ലഗ്നത്തിലും നില്‍ക്കുക. ശുക്രന്‍ മുഹൂര്‍ത്ത ലഗ്നത്തിന്റെ കേന്ദ്രത്തിലും വ്യാഴം ചന്ദ്രന്റെ ത്രികോണത്തിലും നില്‍ക്കുക എന്നീ രണ്ട് യോഗങ്ങള്‍ കൂടിയുണ്ട്. ഈ ആറ് യോഗങ്ങളും അന്നപ്രാശത്തിന് ഏറ്റവും ഉത്തമങ്ങളും ആയുരാരോഗ്യപുഷ്ടിപ്രദങ്ങളുമാണ്.
അന്നപ്രാശത്തിനു ഹരിവാസരം ശുഭമല്ല. കൂടാതെ, മുമ്പു സൂചിപ്പിച്ചതുപോലെ, മേടം, വൃശ്ചികം, മീനം എന്നീ രാശികള്‍, വിഷ്ദ്രേക്കാണം, മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജന്‍, ലഗ്നത്തില്‍ സൂര്യനും ചന്ദ്രനും, ഒമ്പതില്‍ ബുധനും ചന്ദ്രനും, നാലില്‍ വ്യാഴം അല്ലെങ്കില്‍ പത്തില്‍ എല്ലാ ഗ്രഹങ്ങളും തുടങ്ങിയവ അന്നപ്രാശനത്തിനു വര്‍ജ്ജിക്കേണ്ടതാണ്. ഊണ്‍ നാലുകളില്‍ തന്നെ അന്നപ്രാശനം നടത്തണം.
അര്‍ദ്ധരാത്രി, ജന്മനക്ഷത്രം എന്നിവ അന്നപ്രാശത്തിനു വര്‍ജ്ജിക്കണം. ഏകാദശിയും-ഉപവാസ ദിവസം മുഴുവന്‍- അന്നപ്രാശത്തിനു വര്‍ജ്ജിക്കേണ്ടതാണ്. ശുഭവാരങ്ങള്‍ ഉത്തമമായും പാപവാരങ്ങള്‍ മധ്യമമായും അന്നപ്രാശത്തിനു സ്വീകരിക്കാവുന്നതാണ്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386